അബദ്ധ പ്രസ്താവനകളുടെ പേരില്‍ ബിപ്ലബ് ദേബിനെ പ്രധാനമന്ത്രി വിളിപ്പിച്ചതല്ലെന്നും യോഗത്തില്‍ പങ്കെടുക്കുന്നതിന് ക്ഷണിച്ചതാണെന്നും വിശദീകരണം

ബിപ്ലബ്കുമാര്‍ ദേബ്

ദില്ലി: തുടര്‍ച്ചയായുള്ള അബദ്ധ പ്രസ്താവനകളുടെ പേരില്‍ ത്രിപുരയില ബിജെപി മുഖ്യമന്ത്രി ബിപ്ലബ്കുമാര്‍ ദേബിനെ പ്രധാനമന്ത്രി ദില്ലിയിലേക്ക് വിളിപ്പിച്ചുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍. ദില്ലിയില്‍ മേയ് രണ്ടിന് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബിനെ പ്രധാനമന്ത്രി ക്ഷണിച്ചതാണെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

യോഗത്തിലേക്ക് മുഖ്യമന്ത്രി ബിപ്ലവ് ദേബിന് ഒരു മാസം മുന്‍പ് ക്ഷണം ലഭിച്ചതാണെന്നും എന്നാല്‍ മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുക്കാന്‍ ദില്ലിക്ക് പോകുന്നുണ്ടോയെന്ന കാര്യത്തിന് സ്ഥിരീകരണമായിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ സെക്രട്ടറി വ്യക്തമാക്കുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150 -ാം ജന്മദിനാഘോഷ പരിപാടികളുടെ ഭാഗമായാണ് മുഖ്യമന്ത്രിമാരുടെ യോഗം ദില്ലിയില്‍ പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്തതെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടി.

മാര്‍ച്ച് മാസത്തില്‍ ത്രിപുര മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ബിപ്ലവ് ദേവ് തുടര്‍ച്ചയായി അബദ്ധ പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ പരിഹാസവും വിവാദവുമാണ് ക്ഷണിച്ചുവരുത്തിയത്. യുവാക്കളോട് സര്‍ക്കാര്‍ ജോലിയുടെ പിന്നാലെ പോകാതെ പശുക്കളെ വളര്‍ത്തി ക്ഷീര കര്‍ഷകരാകുകയോ മുറുക്കാന്‍ കട തുടങ്ങുകയോ ചെയ്യാനാണ് ഒടുവില്‍ ബിപ്ലബ്കുമാര്‍ ദേബ് ഉപദേശിച്ചത്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെ ദില്ലിയിലേക്ക് വിളിപ്പിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.

മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്നും മഹാഭാരത യുദ്ധകാലത്ത് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് മഹാഭാരത യുദ്ധത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് യുദ്ധഭൂമിയിലില്ലാത്ത സഞ്ജയന്‍ പറഞ്ഞു കൊടുത്തത് ഇന്റര്‍നെറ്റ് സംവിധാനത്തിന്റെ സഹായാത്താലാണെന്നായിരുന്നു ബിപ്ലബ് ദേവിന്റെ ആദ്യ അബദ്ധപ്രസ്താവന. പിന്നാലെ, ലോക സുന്ദരിയായിരുന്ന ഇന്ത്യക്കാരിയായ ഡയാന ഹെയ്ഡനെ അധിക്ഷേപിച്ചുകൊണ്ടുള്ള ബിപ്ലബ് ദേവിന്റെ പ്രസ്താവനയ്‌ക്കെതിരേയും വന്‍ പ്രതിഷേധമുണ്ടായി. ഐശ്വര്യത്തിന്റേയും അറിവിന്റേയും ദേവതമാരായ ലക്ഷ്മി ദേവിയുടെയും സരസ്വതി ദേവിയുടെയും പ്രതീകമാകണം ഇന്ത്യന്‍ സുന്ദരികളെന്നും ഈ രണ്ട് ദേവിമാരുടേയും സവിശേഷത മുന്‍ ലോക സുന്ദരിയായ ഐശ്വര്യ റായിക്ക് ഉണ്ട്, എന്നാല്‍ ഡയാന ഹെയ്ഡന് ഈ ഗുണങ്ങള്‍ ഇല്ലെന്നായിരുന്നു ദേബിന്റെ പ്രസ്താവന. ‘സൗന്ദര്യ മത്സരത്തില്‍ ആര്‍ക്ക് വേണമെങ്കിലും മത്സരിച്ച് വിജയിക്കാം, ഹെയ്ഡന്റെ വിജയത്തേയും അത്തരത്തില്‍ കണ്ടാല്‍ മതി. അതല്ലാതെ ഒരിക്കലും ഹെയ്ഡന്‍ ഇന്ത്യന്‍ സൗന്ദര്യത്തിന്റെ പ്രതീകമല്ല’ ഇങ്ങനെയായിരുന്നു ത്രിപുര മുഖ്യമന്ത്രിയുടെ പ്രസ്താവന.

ഇതിന് പിന്നാലെ തനിക്കെതിരേ അധിക്ഷേപകരമായ പ്രസ്താവന നടത്തിയതില്‍ പ്രതിഷേധിച്ച് ഡയാന ഹെയ്ഡന്‍ രംഗത്തുവന്നിരുന്നു. തന്റെ ഇരുണ്ട നിറത്തോടുള്ള അനിഷ്ടമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ പുറത്തുവന്നതെന്നും അവര്‍ ആരോപിച്ചു. തുടര്‍ന്ന് പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ബിപ്ലബ് ദേവ് തടിയൂരുകയായിരുന്നു.

ഇതിന് പിന്നാലെ, ഐഎഎസ് ഉദ്യോഗത്തിന് സിവില്‍ എന്‍ജിനീയര്‍മാരാണ് പോകേണ്ടതെന്നും മെക്കാനിക്കല്‍ സെക്ഷന്‍കാര്‍ അതിന് പോകേണ്ടെന്നും ബിപ്ലബ് ദേവ് നടത്തിയ പ്രസ്താവനയും വിവാദമായി. ‘നേരത്തെ മാനവിക വിഷയങ്ങള്‍ പഠിച്ചവരായിരുന്നു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ആയിരുന്നത്. എന്നാല്‍ പിന്നീട് അത് മാറി. ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും സിവില്‍ സര്‍വീസ് തെരഞ്ഞെടുക്കാനാരംഭിച്ചു. എന്തായാലും മെക്കാനിക്കല്‍ എഞ്ചിനീയര്‍മാര്‍ സിവില്‍ സര്‍വീസിന് പോകരുത്. സിവില്‍ എഞ്ചിനീയര്‍മാര്‍ സിവില്‍ സര്‍വീസ് തെരഞ്ഞെടുക്കുകയും വേണം. എന്താണ് കാര്യമെന്നുവച്ചാല്‍ ഭരണ നിര്‍വഹണം എന്നത് സമൂഹത്തെ നിര്‍മിക്കലാണ്. ഇക്കാര്യത്തില്‍ സിവില്‍ എഞ്ചിനീയര്‍മാര്‍ക്ക് കെട്ടിടങ്ങള്‍ പണിത പരിജ്ഞാനമുണ്ട്’ ഇങ്ങനെയായിരുന്നു ത്രിപുര മുഖ്യമന്ത്രിയുടെ അബദ്ധപ്രസ്താവന.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top