‘ഇപ്പോള്‍ നാം തിരിച്ചറിയുന്നു, മാണിക് ദായുടെ നഷ്ടം’; ത്രിപുരയിലെ ഇടത് ഭരണത്തെ ഓര്‍മിപ്പിച്ച് രാജ്ദീപ് സര്‍ദേശായി

ദില്ലി: ത്രിപുരയിലെ ബിജെപി മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ വിവാദ പ്രസ്താവനകള്‍ക്ക് പഞ്ഞമില്ലാതെ വരുമ്പോള്‍ സംസ്ഥാനത്ത് സിപിഐഎം ഭരണത്തിന്റെ അഭാവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി. ട്വിറ്ററില്‍ കുറിച്ച സന്ദേശത്തിലൂടെയാണ് മാണിക് സര്‍ക്കാരിന്റെ നഷ്ടം സര്‍ദേശായി തുറന്നുപറഞ്ഞത്.

‘ഇരുപത്തഞ്ച് വര്‍ഷത്തെ ത്രിപുരയിലെ ഇടതുഭരണം ഇപ്പോള്‍ നാം തിരിച്ചറിയുന്നു എന്താണ് നമുക്ക് നഷ്ടമായിരിക്കുന്നത് എന്ന്. മാണിക് ദായെ നമുക്ക് നഷ്ടമായിരിക്കുന്നു. ബിപ്ലബിന്റെ സാമ്പത്തിക ശാസ്ത്രമാണ് ഇപ്പോള്‍ ഇവിടെ നിലനില്‍ക്കുന്നത്. രാജ്ദീപ് സര്‍ദേശായി ട്വിറ്ററില്‍ കുറിച്ചു.

തുടര്‍ച്ചയായ അബദ്ധ പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും അത് പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ബിപ്ലബിനെ മോദി ദില്ലിയിലേയ്ക്ക് വിളിപ്പിച്ചിരുന്നു. ത്രിപുരയുടെ ചരിത്രത്തില്‍ ആദമായാണ് ബിജെപി ഭരണം പിടിക്കുന്നത്. എന്നാല്‍ അധികാരത്തിലെത്തി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തുടര്‍ച്ചയായി വിവാദപ്രസ്താവനകള്‍ നടത്തി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയായിരുന്നു ബിപ്ലബ്. ബിപ്ലബിന്റെ പ്രസ്താവനകളെല്ലാം വന്‍വിമര്‍ശനങ്ങള്‍ ക്ഷണിച്ച് വരുത്തുകയും ചെയ്തു.

മഹാഭാരത കാലഘട്ടത്തിലും ഇന്റര്‍നെറ്റ് സംവിധാനം നിലനിന്നിരുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു ബിപ്ലബ് വിവാദപ്രസ്താവനകള്‍ക്ക് തുടക്കമിട്ടത്. ഇതിനെതിരെ പരിഹാസങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നെങ്കിലും അദ്ദേഹം തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുകയും അത് ആവര്‍ത്തിക്കുകയും ചെയ്തു. മുന്‍ലോക സുന്ദരി ഡയാന ഹെയ്ഡനെ അധിക്ഷേപിച്ചും അദ്ദേഹം രംഗത്തെത്തി. ഡയാനയ്ക്ക് ഇന്ത്യന്‍ സൗന്ദര്യം ഇല്ലെന്നായിരുന്നു കണ്ടെത്തല്‍. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ മാപ്പ് പറഞ്ഞ് തടിയൂരി.

പിന്നീട് സിവില്‍ എഞ്ചിനീയര്‍മാരാണ് സിവില്‍ സര്‍വീസ് പാസാകേണ്ടതെന്നായിരുന്നു പ്രസ്തവന. ഏറ്റവും ഒടുവില്‍ യുവാക്കള്‍ സര്‍ക്കാര്‍ ജോലി നോക്കി ഇരിക്കരുതെന്നും പശുവളര്‍ത്തലോ മുറുക്കാന്‍ കടയോ തുടങ്ങണമെന്നും അദ്ദേഹം ഉപദേശിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top