ബിപ്ലബ് ദേബിന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തിരുത്തിയതാണ്; സിവില്‍ എഞ്ചിനീയര്‍മാരാണ് സിവില്‍ സര്‍വീസ് പാസാകേണ്ടതെന്ന പ്രസ്താവനയ്ക്ക് വിശദീകരണവുമായി സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

കാസര്‍ഗോഡ്: സിവില്‍ സര്‍വീസ് ദിനത്തോടനുബന്ധിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് പറഞ്ഞ പ്രസ്താവന മാധ്യമങ്ങള്‍ തിരുത്തിയതാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. “നേരത്തെ ആര്‍ട്ട് സ്ട്രീമിലെ ആളുകള്‍ ആയിരുന്നു സിവില്‍ സര്‍വീസിലേക്ക് കൂടുതല്‍ വന്നിരുന്നത്. ഇക്കാലത്ത് ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരുമാണ് സിവില്‍ സര്‍വീസിലേക്ക് കൂടുതല്‍ വരുന്നത്. അതു കഴിഞ്ഞു തമാശ ചേര്‍ത്ത് ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു. മെക്കാനിക്കല്‍ എഞ്ചിനിയര്‍മാര്‍ അത് കഴിഞ്ഞു സിവില്‍ സര്‍വീസ് തിരഞ്ഞെടുക്കുന്നത് ശരിയല്ല. എന്നാല്‍ സിവില്‍ എഞ്ചിനീയര്‍മാര്‍ക്ക് ആവാം. അവര്‍ക്കു ബില്‍ഡിംഗ് കെട്ടി പരിചയമുണ്ട്. സൊസൈറ്റി ബില്‍ഡ് അപ്പ് ചെയ്യാന്‍ അവരുടെ ഈ പരിചയം ഉപകരിക്കും. സിവില്‍ എഞ്ചിനീയര്‍ ഒരു കെട്ടിടം ഉണ്ടാക്കുന്ന പോലെയാണ് അഡ്മിനിസ്‌ട്രേഷനിലുള്ളവര്‍ സമാജത്തെ നിര്‍മ്മിയ്ക്കുന്നത്. പ്ലാനിംഗ്, പ്രൊജക്ട് മാനേജ്‌മെന്റ്, ടൗണ്‍, നഗര പ്ലാനിംഗ്, പൊതുമരാമത്ത് തുടങ്ങി അഡ്മിനിസ്‌ട്രേഷന്റെ വലിയ ഒരു ഭാഗം സിവില്‍ എഞ്ചിനീയറിങ്ങിന്റെ സൃഷ്ടി തന്നെയാണ്. ആ പരിചയം സമാജത്തെ നല്ല രീതിയില്‍ നിര്‍മ്മിക്കാന്‍ ഒരാളെ സഹായിക്കും”. ഇങ്ങനെയായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ മാധ്യമങ്ങള്‍ അതിനെ തിരുത്തി ”സിവില്‍ സര്‍വീസ് എടുക്കേണ്ടത് സിവില്‍ എഞ്ചിനീയര്‍മാരാണ്, അല്ലാതെ മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരല്ല” എന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു എന്നാക്കിയെന്നാണ് സുരേന്ദ്രന്‍ ആരോപിക്കുന്നത്.

ത്രിപുരയിലെ ഭരണമാറ്റത്തില്‍ കമ്മികള്‍ക്കും കൊങ്ങികള്‍ക്കും ചൊറിയുന്നത് മനസ്സിലാക്കാം. എന്നാല്‍ തോളില്‍ കേറിനിന്ന് ചെവി കടിക്കുന്നവരുടെ ചൊറിച്ചിലാണ് അരോചകം. അല്ലെങ്കിലും ഇത്തരം മഹാന്‍മാര്‍ കരുതുന്നത് കോഴി കൂവുന്നതുകൊണ്ടാണ് നേരം വെളുക്കുന്നതെണാണ് എന്നും സുരേന്ദ്രന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top