‘അദ്ദേഹത്തിന്റേത് ഇരുണ്ട നിറത്തിലുള്ള സ്ത്രീകളോടുള്ള ഇഷ്ടക്കുറവ്’ മുഖ്യമന്ത്രി പദത്തിന്റെ മാന്യത കാണിക്കണമെന്നും ബിപ്ലബ് ദേബിന് ഡയാനയുടെ മറുപടി

ദില്ലി: തനിക്ക് ഇന്ത്യന്‍ സൗന്ദര്യമില്ലെന്ന് പറഞ്ഞ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറിന് മറുപടിയുമായി ഡയാന ഹെയ്ഡന്‍. ബിപ്ലബ് ദേബ് ഉന്നത സ്ഥാനത്തിരിക്കുന്നയാളാണെന്നും എന്താണ് പറയുന്നത് എന്നതിനെ കുറിച്ച് അദ്ദേഹത്തിന് ശ്രദ്ധയുണ്ടാവേണ്ടതുണ്ടെന്നും ഡയാന  പ്രതികരിച്ചു.  ഇരുണ്ട നിറത്തിലുള്ള സ്ത്രീകളോടുള്ള ഇഷ്ടക്കുറവാണ് അദ്ദേഹത്തിന്റെ പ്രസ്താവനയിലുള്ളതെന്നും ഡയാന പറഞ്ഞു.

ഇരുണ്ട നിറമായതിനാല്‍ കുട്ടിക്കാലം മുതല്‍ തനിക്ക് വേര്‍തിരിവ് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. അന്നുമുതല്‍ വിവേചനത്തിനെതിരെയുള്ള പോരാട്ടമായിരുന്നു. അതില്‍ താന്‍ വിജയിച്ചു.  എന്റെ നേട്ടത്തില്‍ ജനങ്ങള്‍ അഭിമാനിക്കുകയാണ് ചെയ്തിട്ടുള്ളത്. താനൊരു ഇരുണ്ട നിറത്തിലുള്ള ഇന്ത്യക്കാരിയാണ്. അതില്‍ അഭിമാനിക്കുകയും ചെയ്യുന്നുവെന്നും ഡയാന പറയുന്നു.

മന്ത്രിയുടെ പരാമര്‍ശം എന്നെ വേദനിപ്പിച്ചെന്നും വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന അദ്ദേഹം എന്താണ് പറയുന്നത് എന്നതിനെ കുറിച്ച് ശ്രദ്ധിക്കണമെന്നും ഡയാന പറയുന്നു. ബിപ്ലബിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച  മുന്‍ ലോക സുന്ദരി ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്നവര്‍ സംസാരിക്കുന്നതിന് മുന്‍പ് ചിന്തിക്കണമെന്നുള്ള ഉപദേശവും നല്‍കി.

ഇന്ത്യന്‍ സൗന്ദര്യത്തിന്റെ പ്രതീകം ഐശ്വര്യ റായിയാണെന്നും ഡയാന ഹെയ്ഡന്‍ അല്ലെന്നുമായിരുന്നു ബിപ്ലബ് ദേബിന്റെ പ്രസ്താവന.  ഐശ്വര്യത്തിന്റേയും അറിവിന്റേയും ദേവതമാരായ ലക്ഷ്മി ദേവിയുടെയും സരസ്വതി ദേവിയുടെയും പ്രതീകമാകണം ഇന്ത്യന്‍ സുന്ദരികള്‍. ഐശ്വര്യ റായിക്ക് ഈ രണ്ട് ദേവിമാരുടേയും സവിശേഷത ഉണ്ടെന്നും എന്നാല്‍ ഹെയ്ഡന് അതില്ലെന്നുമായിരുന്നു ദേബ് അഭിപ്രായപ്പെട്ടത്.

സൗന്ദര്യ മത്സരത്തില്‍ ആര്‍ക്ക് വേണമെങ്കിലും മത്സരിച്ച് വിജയിക്കാം, ഹെയ്ഡന്റെ വിജയത്തേയും അത്തരത്തില്‍ കണ്ടാല്‍ മതി. അതല്ലാതെ ഒരിക്കലും ഹെയ്ഡന്‍ ഇന്ത്യന്‍ സൗന്ദര്യത്തിന്റെ പ്രതീകമല്ലെന്നും ദേബ് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top