‘എനിക്ക് സമ്മതമല്ല, നിങ്ങളുടെ കുറ്റകൃത്യ ഡയറക്ടറിയിലെ മറ്റൊരു നമ്പറാകാന്‍’; സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടര്‍ന്ന് ‘ഐ ആം നോട്ട് ജസ്റ്റ് എ നമ്പര്‍’ ക്യാംപെയിന്‍

സോഷ്യല്‍ മീഡിയയിലെ ക്യംപെയിനുകളില്‍ നിന്ന്

”ഞാന്‍ വെറുമൊരു നമ്പറല്ല” സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിക്കുന്ന ഹാഷ്ടാഗാണിത്. ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയാണെങ്കില്‍ ദയവായി തങ്ങളുടെ പേരും ചിത്രവും പ്രസിദ്ധപ്പെടുത്തുക എന്ന ആവശ്യവുമായാണ് ഈ ക്യാംപെയിന്‍ സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചിരിക്കുന്നത്.

ബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി കൊല്ലപ്പെടുമ്പോള്‍ പേരുവിവരം വെളിപ്പെടുത്തരുതെന്ന സുപ്രിം കോടതി നിര്‍ദേശത്തില്‍ പ്രതിഷേധിച്ചാണ് ‘ഞാന്‍ വെറുമൊരു നമ്പറല്ല’ എന്ന ഹാഷ്ടാഗോടെ സോഷ്യല്‍മീഡിയയില്‍ ക്യാംപെയിന്‍ പ്രചരിക്കുന്നത്. നിരവധി സ്ത്രീകളാണ് ക്യാംപെയിനിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുന്നത്.

ബലാത്സംഗങ്ങള്‍ അതിന് ഇരയായവരുടെ അഭിമാനത്തെ ബാധിക്കുന്നത് എങ്ങനെയാണെന്ന ചോദ്യമാണ് ക്യാംപെയിന്‍ ഉന്നയിക്കുന്നത്.  ഞാന്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുകയാണെങ്കില്‍ ദയവായി എന്റെ ചിത്രവും പേരു വിവരങ്ങളും പ്രസിദ്ധപ്പെടുത്തുക. ഞാന്‍ വെറുമൊരു നമ്പറല്ല എന്ന് തുടങ്ങുന്ന കുറിപ്പിനൊപ്പം ‘ഐ ആം നോട്ട് ജസ്റ്റ് എ നമ്പര്‍’ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി നില്‍ക്കുന്ന സ്വന്തം ചിത്രവും പങ്കുവെച്ചുകൊണ്ടാണ് സ്ത്രീകള്‍ ക്യാംപെയിനിന്റെ ഭാഗമാകുന്നത്.

ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തോടെ സ്ത്രീ സുരക്ഷ എന്നത് സംബന്ധിച്ച് രാജ്യത്ത് വിവിധ കോണുകളില്‍ ചര്‍ച്ച സജീവമാണ്. ദിനം പ്രതി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുന്ന നൂറു കണക്കിന് ആയിരകണക്കിന് പേരില്‍ ഒരാളാകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ഉറക്കെ വിളിച്ചുപറയുകയാണ് ഈ സ്ത്രീകള്‍. ഈ തെരുവുകളില്‍ തങ്ങളുടെപേര് ഉറക്കെയുറക്കെ വിളിച്ചുപറയാനും ചിത്രങ്ങള്‍ ഏന്തികൊള്ളാനും പ്രക്ഷോഭങ്ങളുയര്‍ത്താനും ആഹ്വാനം ചെയ്യുക കൂടിയാണ് അവര്‍.

തങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിടണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ മറ്റൊരാളെ അനുവദിക്കില്ല. തങ്ങളുടെ അഭിമാനത്തെ അളക്കാനുള്ള അര്‍ഹതയും മറ്റൊരാള്‍ക്ക് കൈമാറിയിട്ടില്ലെന്നും ക്യാംപെയിന്‍ പറയുന്നു. മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയുടെ പോസ്റ്റില്‍ നിന്ന് തുടങ്ങി നിരവധിയാളുകളാണ് സോഷ്യല്‍ മീഡിയയില്‍ ക്യാംപെയിനിന്റെ ഭാഗമായിരിക്കുന്നത്.

ക്യാംപെയിനിന്റെ ഭാഗമായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന കുറിപ്പ്

ഞാൻ ബലാൽസംഗത്തിന്‌ ഇരയായി കൊല്ലപ്പെടുകയാണെങ്കിൽ ദയവായി എന്റെ ചിത്രം, പേരുവിവരങ്ങൾ എന്നിവ പ്രസിദ്ധപ്പെടുത്തുക. ഞാൻ വെറുമൊരു നമ്പറല്ല.
കൊല്ലപ്പെട്ടാൽ പോലും റേപ്പിന്‌ ഇരയായവളുടെ നാമം പുറത്തറിയിക്കുന്നതിൻ മേൽ വിലക്കുമായി ബഹുമാനപ്പെട്ട നിയമസംവിധാനം മുന്നോട്ട്‌ പോകുകയാണെന്ന വാർത്ത വായിച്ചു. മരണപ്പെട്ട സ്‌ത്രീക്കും അഭിമാനമുണ്ട്‌ എന്നതാണ്‌ ഇതിനായി കണ്ടെത്തിയിരിക്കുന്ന ന്യായീകരണം.
പുരുഷമേധാവിത്വ ചിന്താഗതിയുടെ ചങ്ങലകളാൽ എന്റെ പ്രിയരാജ്യത്തിന്റെ നിയമവ്യവസ്ഥ ഒരിക്കലും ബന്ധിക്കപ്പെടരുതെന്ന് ഞാനാഗ്രഹിക്കുന്നു. എന്റെ മേൽ ഒരു കൊടുംകുറ്റവാളിയാൽ ചെയ്യപ്പെട്ട ഹീനമായ കുറ്റകൃത്യവുമായി എന്റെ അഭിമാനത്തിന്‌ യാതൊരു ബന്ധവുമില്ല.
ബലാത്സംഗമെന്ന നികൃഷ്‌ട പ്രവർത്തിയോടുള്ള ഏറ്റവും കടുത്ത യുദ്ധം എന്റെ മരണശേഷവും തുടരാനാണ്‌ ഞാൻ ആഗ്രഹിക്കുന്നത്‌. എന്റെ മുഖം പൊതുജനങ്ങളുടെ ഓർമ്മയിൽ നിന്നും മായ്‌ക്കാൻ ഞാൻ ഈ സമൂഹത്തെ അനുവദിക്കില്ല. ലോകത്ത്‌ ബാക്കിയുള്ള അത്തരം പുരുഷൻമാരിൽ എന്റെ മുഖം കാണുന്ന ചെറിയ അസ്വസ്‌ഥതയെങ്കിലും ബാക്കി നിർത്താതെ സോഷ്യൽ മീഡിയയിലും അതുവഴി സമൂഹത്തിലും അവരെ സ്വൈര്യമായി കഴിയാൻ ഞാൻ അനുവദിക്കില്ല.
എന്റെ മരണശേഷം എന്നെ എങ്ങനെയാണ്‌ നിങ്ങൾ അഭിസംബോധന ചെയ്യാൻ പോകുന്നത്‌? എനിക്കായുള്ള നീതിയുടെ ഭാഗം എവിടെയാണ്‌? എന്റെ മരണാനന്തരം എങ്ങനെയാണ്‌ എന്നെ നിങ്ങൾ അടയാളപ്പെടുത്താൻ പോകുന്നത്‌? ഞാൻ വെറുമൊരു സംഖ്യയാണെന്നോ? ദിനേന ബലാൽസംഗത്തിന്‌ ഇരയായി കൊല്ലപ്പെടുന്ന നൂറു കണക്കിന്‌, ആയിരക്കണക്കിന്‌ പേരിൽ ഏതോ ഒരാൾ?
എനിക്ക്‌ സമ്മതമല്ല ! നിങ്ങളുടെ കുറ്റകൃത്യ ഡയറക്‌ടറിയിലെ മറ്റൊരു നമ്പറല്ല ഞാൻ. ഞാനിവിടെ രക്‌തവും മാംസവുമുള്ള ഒരു ശരീരമായി ജീവിച്ചിരുന്നു. എനിക്ക്‌ കുടുംബമുണ്ടായിരുന്നു, സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു. നിങ്ങളുടെ തന്നെ കൂട്ടത്തിലുള്ള പുരുഷൻമാരാണ്‌ എന്റെ ജീവൻ പറിച്ചെറിഞ്ഞത്‌. ഈ കുറ്റകൃത്യത്തിൽ നിങ്ങളും തുല്യപങ്കാളിയാണ്‌. ഇപ്പോൾ, എന്നെ ലോകം മറക്കണമെന്ന്‌ നിങ്ങൾ ആവശ്യപ്പെടുന്നുവോ? ഞാൻ അതിനെതിരെ ശക്‌തമായി പൊരുതുക തന്നെ ചെയ്യും.
എന്റെ പേരുവിവരങ്ങൾ പുറത്ത്‌ വിടണോ വേണ്ടയോ എന്ന്‌ തീരുമാനിക്കാൻ മറ്റൊരാളെ ഞാൻ അനുവദിക്കില്ല. എന്റെ അഭിമാനത്തെ അളക്കാനുള്ള അർഹതയും മറ്റൊരാൾക്ക്‌ ഞാൻ കൈമാറിയിട്ടില്ല. നിങ്ങളുടെ അഭിമാനത്തിന്റെ നിർവചനങ്ങൾ തുലയട്ടെ. ഇതെന്റെ സഹോദരിമാർക്ക്‌ വേണ്ടിയുള്ള ഉറച്ച ആഹ്വാനമാണ്‌. തെരുവുകളിൽ എന്റെ പേര്‌ ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞു കൊള്ളുക, എന്റെ ചിത്രം ധൈര്യമായി ഏന്തിക്കൊള്ളുക, പ്രക്ഷോഭങ്ങളുയർത്തുക. നമുക്ക്‌ ഏവർക്കും നീതി ലഭിക്കും വരെ. അതിനൊരു നിമിത്തമാകാൻ എന്റെ മുഖമുണ്ടാകും, എന്റെ ആത്മാവുണ്ടാകും.

#IamNOTjustAnumber എന്ന ക്യാമ്പെയിനിൽ ഞാനും പങ്കു ചേരുന്നു.
 

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top