“ഞാനദ്ദേഹത്തോട് ഒരു തെറ്റുചെയ്തു, അദ്ദേഹം ഇപ്പോഴും അത് മറന്നിട്ടില്ല എന്നുതോന്നുന്നു”, എന്താണ് മോഹന്‍ലാലിനെവച്ച് ഒരു ചിത്രമെടുക്കാന്‍ സാധിക്കാത്തത് എന്ന് വ്യക്തമാക്കി ജയരാജ്


മലയാളത്തിലെ ഏറ്റവും പ്രതിഭാധനനായ സംവിധായകനും ഏറ്റവും പ്രതിഭാധനനായ നടനും എന്തുകൊണ്ട് ഒരുമിച്ച് ഒരു ചിത്രം ചെയ്യുന്നില്ല? ജയരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിനേക്കുറിച്ച് ഏതൊരു സിനിമാ പ്രേമിയും ചിന്തിച്ചുപോകുന്ന കാര്യമാണിത്. എന്തുകൊണ്ടാണ് അങ്ങനെയൊന്ന് സംഭവിക്കാത്തത് എന്നതില്‍ വ്യക്തമായ ഉത്തരം ജയരാജ് തന്നിരിക്കുന്നു. സത്യസന്ധവും കൃത്യവുമായി മറുപടി പറയുന്ന ജയരാജ് ചോദ്യത്തില്‍നിന്ന് ഉഴപ്പിമാറിയതേയില്ല. ഒരു സ്വകാര്യ ചാനലിന് അഭിമുഖമനുവദിക്കുകയായിരുന്നു അദ്ദേഹം.

“ദേശാടനത്തിന് ശേഷം മഴയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കേണ്ടതായിരുന്നു. ചിത്രത്തിനായി പാട്ടുകള്‍ ഒരുക്കി, ലൊക്കേഷന്‍ ശരിയാക്കി, കോസ്റ്റിയൂം വാങ്ങുകവരെ ചെയ്തു. എന്റെ ഒരു തെറ്റുകൊണ്ട്, എന്റെ ജീവിതത്തിലുണ്ടായ ഒരു പ്രത്യേക സാഹചര്യം കൊണ്ട് അത് ചെയ്യാന്‍ സാധിച്ചില്ല. അതൊരുപക്ഷേ അദ്ദേഹത്തിന് വിഷമമുണ്ടാക്കിയിരിക്കാം. അതുകൊണ്ട് ഞാന്‍ സമീപിച്ച പല തിരക്കഥകളും, ഉദാഹരണത്തിന് കുഞ്ഞാലി മരയ്ക്കാര്‍ ഏകദേശം മൂന്ന് വര്‍ഷത്തോളം അദ്ദേഹം കയ്യില്‍ വച്ചു, തിരിച്ചൊരു മറുപടി പോലും പറഞ്ഞില്ല. വീരത്തിന്റെ ഫുള്‍ ഇല്ലസ്‌ട്രേഷന്‍ ഞാന്‍ അദ്ദേഹത്തെ കാണിച്ചു, അദ്ദേഹം നോക്കിയിട്ട് ഇതെങ്ങനെ പ്രാക്ടിക്കലാകും എന്ന് ചോദിച്ചു. അതിനുമുമ്പും ഞാന്‍ സമീപിച്ച സമയത്തൊക്കെ അദ്ദേഹം അങ്ങനെ ഒരു ലാഘവത്തോടെ പറഞ്ഞൊഴിയുകയായിരുന്നു. അപ്പോള്‍ എനിക്ക് മനസിലായി, ഇതുതന്നെയാകും കാരണം. ഒരു സിനിമയുടെ എല്ലാം തയാറായിട്ട് അതില്‍നിന്ന് ഞാന്‍ പിന്മാറേണ്ടിവരുന്ന സാഹചര്യം അദ്ദേഹത്തിനെ വിഷമിപ്പിച്ചിട്ടുണ്ടാകാം”, ജയരാജ് മറച്ചുവയ്ക്കാതെ വിശദമാക്കി.

“ഞാനറിഞ്ഞത് അന്ന് അദ്ദേഹം കുടുംബവുമായി ദക്ഷിണാഫ്രിക്കയില്‍ യാത്രയിലായിരുന്നു. അത് ക്യാന്‍സല്‍ ചെയ്ത് അദ്ദേഹം മാത്രം മടങ്ങിവന്നു ആഫ്രിക്കയില്‍നിന്ന്. ഇവിടെ വരുമ്പോഴാണ് ഈ സിനിമാ ഉപേക്ഷിച്ചു എന്നറിയുന്നത്. അപ്പോള്‍ ഒരു കാര്യം മാത്രമേ എന്നോടദ്ദേഹം ചോദിച്ചുള്ളൂ, നേരത്തെ ഒന്ന് പറയാമായിരുന്നില്ലേ എന്നുമാത്രം. അത് എന്റെ ഭാഗത്തുണ്ടായ തെറ്റാണ്. ഒരുപക്ഷേ ഇക്കാര്യം അദ്ദേഹം മനസില്‍ സൂക്ഷിക്കുന്നതുകൊണ്ടാകാം സിനിമാ നടക്കാതെ പോകുന്നത്. പക്ഷേ അതുകൊണ്ട് മലയാളത്തിലെ ഒരു സിനിമയാണ് നഷ്ടമാകുന്നത്. അദ്ദേഹം തയാറാണെങ്കില്‍ ഞാനും തയാറാണ്. അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമയാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്”, ജയരാജ് പറഞ്ഞു.

ജയരാജിന്റെ മറുപടി അറിയുന്ന ഏതൊരു സിനിമാ ആസ്വാദകനും ഒരു മോഹന്‍ലാല്‍-ജയരാജ് ചിത്രം സംഭവിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചേക്കാം. ജയരാജ് മോഹന്‍ലാലിനെവച്ച് സിനിമ ചെയ്യാന്‍ ഏതുനിമിഷവും ഒരുക്കമാണ് എന്ന കാര്യം മോഹന്‍ലാലിന് കൂടുതല്‍ വ്യക്തമാകാനും ഇത് ഉപകരിക്കും. അഞ്ച് ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ലാലും ആറെണ്ണം സ്വന്തമാക്കിയ ജയരാജും ഒരുമിച്ചാല്‍ അത് മലയാള സിനിമയ്ക്കുതന്നെ മുതല്‍ക്കൂട്ടാകും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top