സിപിഐ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ കൊല്ലത്ത് തുടക്കമാകും; ഇടതുപക്ഷരാഷ്ട്രീയത്തിന് പുതിയദിശാബോധം നല്‍കാനുള്ള തീരുമാനങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടാകുമെന്ന് ദേശീയ നേതൃത്വം

കൊല്ലം: സിപിഐ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ കൊല്ലത്ത് തുടക്കമാകും. വൈകിട്ട് അഞ്ച് മണിക്ക് കൊല്ലം ആശ്രമം മൈതാനത്തെ സികെ ചന്ദ്രപ്പന്‍ നഗറില്‍ സമ്മേളനത്തിന് പതാക ഉയരും. ഇടതുപക്ഷരാഷ്ട്രീയത്തിന് പുതിയദിശാബോധം നല്‍കാനുള്ള തീരുമാനങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടാകുമെന്ന് സിപിഐ ദേശീയ നേതൃത്വം പ്രതികരിച്ചു.

ബിജെപിയ്‌ക്കെതിരെ മതേതര ജനാധിപത്യ സംഘടനകളെ ഒന്നിപ്പിക്കണമെന്നാണ് കരട് രാഷ്ട്രീയ പ്രമേയം ആഹ്വാനം ചെയ്യുന്നത്. ഫാസിസത്തെ എതിര്‍ക്കാന്‍ വിശാലമായ അടിത്തറയുളള പ്രതിരോധം വേണം. കരട് രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസിന്റെ പേര് പരാമര്‍ശിക്കുന്നില്ലെന്നും കോണ്‍ഗ്രസിനെ ഒഴിവാക്കികൊണ്ട് ഇത്തരം ഒരു സഖ്യം സാധ്യമാകില്ലെന്നാണ് സിപിഐ നിലപാട്. ബിജെപിയെ എതിര്‍ക്കുന്ന കക്ഷികളുടെ ജാതകം നോക്കേണ്ടകാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു

തീവ്രഇടത് സ്വഭാവമുള്ളതും അതേ സമയം ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകുന്നതുമായ പാര്‍ട്ടികളെയും ഒപ്പം നിര്‍ത്തണമെന്ന നിലപാടും പാര്‍ട്ടി സജീവ ചര്‍ച്ചയാകും. പതാക ഉയരുന്നതിന് ശേഷം നാളെ വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ ഉദ്ഘാടനം ചെയ്യും. ഇരുപത്തിയാറിന് രാവിലെ പതിനൊന്ന് മണിക്ക് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടി നേതാക്കള്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. കരട് രാഷ്ട്രീയ പ്രമേയത്തിന് പുറമെ, കരട് രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടും, കരട് സംഘടനാ റിപ്പോര്‍ട്ടും സമ്മേളനത്തില്‍ അവതരിപ്പിക്കും. സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സുധാകര്‍ റെഡ്ഡി തുടരാനാണ് സാധ്യത.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top