ഹര്‍ത്താല്‍; ജമാത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ജനങ്ങളോട് മാപ്പ് പറയണമെന്ന് പി ജയരാജന്‍

പി ജയരാജന്‍

കണ്ണൂര്‍: ഏപ്രില്‍ 16 ന് നടന്ന അക്രമ ഹര്‍ത്താല്‍ ആസൂത്രണം ചെയ്ത ആര്‍എസ്എസുകാര്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ജമാത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ജനങ്ങളോട് മാപ്പ് പറയണമെന്ന്  സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍

പിച്ചി ചീന്തി കൊല ചെയ്യപ്പെട്ട കാശ്മീര്‍ പെണ്‍കുട്ടിയുടെ പേരില്‍ പ്രതിഷേധിക്കാന്‍ എന്ന വ്യാജേനെ നടത്തിയ ഹര്‍ത്താല്‍ കേരളത്തില്‍ ഒരു വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കത്തക്ക നിലയില്‍ സംഘപരിവാരം ആസൂത്രണം ചെയ്തതാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ഇത് മനസ്സിലാക്കി മതനിരപേക്ഷ സമൂഹത്തിന്‍റെ സത്തക്കനുസരിച്ച് പ്രവര്‍ത്തിച്ച ഗവണ്മെന്‍റിനെയും പൊലീസിനെയും കുറ്റപ്പെടുത്താനാണ് മേല്‍പറഞ്ഞ ഇസ്ലാമിസ്റ്റ് സംഘടനകള്‍ പരിശ്രമിച്ചതെന്നും ജയരാജന്‍ പറഞ്ഞു.

പോസ്കോ നിയമത്തിലെ വകുപ്പുകള്‍ അക്രമത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പ്രയോഗിച്ചതിന്‍റെ പേരില്‍ എല്‍ഡിഎഫിനെയും സംസ്ഥാന ഗവണ്മെന്‍റിനെയും കുറ്റപ്പെടുത്തുന്ന ഇത്തരം സംഘടനകള്‍ക്ക് ഗൂഡാലോചനക്കാരെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ എന്താണ് പറയാനുള്ളത് എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അവർ യഥാർത്ഥത്തിൽ വർഗീയ ചേരിതിരിവ് ലക്ഷ്യമിട്ട് സംഘപരിവാർ ആസൂത്രണം ചെയ്ത കലാപത്തിന്റെ കരുക്കളായി മാറുകയാണ് ചെയ്തത്. കശ്മീര്‍ പെണ്‍കുട്ടിയുടെ പേര് ഉപയോഗിച്ചതിന്‍റെ പേരില്‍ നിയമപ്രകാരം കേസെടുത്ത പൊലീസിനെ വിമർശിക്കുന്നവർ ഈ വകുപ്പ് പ്രകാരം ആസൂത്രകരായ ആര്‍എസ്എസുകാര്‍ക്കെതിരെയും എടുത്ത കേസുകള്‍ പിന്‍വലിക്കണം എന്ന് പറയുമോയെന്നും ജയരാജന്‍ ചോദിക്കുന്നു.

നേരത്തെ സിപിഐഎം വ്യക്തമാക്കിയത് പോലെ മതനിരപേക്ഷത ശക്തമായി നിലകൊള്ളുന്ന കേരളത്തില്‍ വര്‍ഗ്ഗീയമായ ചേരിതിരിവ് ഉണ്ടാക്കാനാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ പരിശ്രമിച്ചതെന്ന് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കലാപത്തിന്‍റെ ആസൂത്രകരായ സംഘപരിവാറുകാരെയടക്കം നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവന്ന എല്‍ഡിഎഫ് സര്‍ക്കാറിനെയും പൊലീസിനെയും അഭിനന്ദിക്കുന്നതായും ജയരാജന്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top