യെച്ചൂരിക്ക് മുന്നില്‍ വെല്ലുവിളികളേറെ, പാര്‍ട്ടിക്ക് അകത്തുനിന്നും പുറത്തുനിന്നും

സിതാറാം യെച്ചൂരി

സിപിഐഎമ്മിനുള്ളിലെ ജനകീയ മുഖമാണ് സിതാറാം യെച്ചൂരിയുടേത്. കഴിവുറ്റ പാര്‍ലമെന്റേറിയന്‍, നയതന്ത്രജ്ഞന്‍, എഴുത്തുകാരന്‍, വാഗ്മി, സംഘാടകന്‍ തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടാം വട്ടവും സിപിഐഎം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട യെച്ചൂരിയ്ക്ക് പാര്‍ട്ടിക്കകത്തു നിന്നും പുറത്തു നിന്നും നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ ചെറുതായിരിക്കില്ല.

1952 ഓഗസ്റ്റ് 12 ന് സോമയാജലുവിന്റെയും കല്‍പ്പാക്കത്തിന്റെയും മകനായി ഹൈദരാബാദിലാണ് സിതാറാം യെച്ചൂരിയുടെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ ഉയര്‍ന്ന പഠനനിലവാരം പുലര്‍ത്തിയ യെച്ചൂരി ദില്ലി സെന്റ് സ്റ്റീഫന്‍സ് കോളെജില്‍ നിന്നും ഒന്നാം റാങ്കോടെയാണ് ബിരുദം കരസ്ഥമാക്കിയത്. 1975 ല്‍ ജെഎന്‍യുവില്‍ ചേര്‍ന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്ദര ബിരുദം നേടിയതും അതേ മികവോടെ തന്നെ. ഗവേഷണവിദ്യാര്‍ഥിയായിരിക്കെ മുതലാണ് യെച്ചൂരിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്.

പ്രകാശ് കാരാട്ട്, യെച്ചൂരി

അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട് മടങ്ങിയെത്തിയ യെച്ചൂരി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത വര്‍ഷം തന്നെ എസ്എഫ്‌ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി. 84 ല്‍ സിപിഐഎം കേന്ദ്രക്കമ്മിറ്റി ക്ഷണിതാവായ യെച്ചൂരി 85 ല്‍ കേന്ദ്രകമ്മിറ്റിയംഗവും 88 ല്‍ അഖിലേന്ത്യാ സെന്ററിന്റെ ഭാഗമായും മാറി. 1992 ല്‍ പൊളിറ്റ് ബ്യൂറോ അംഗമായ യെച്ചൂരി കഴിഞ്ഞ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലാണ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.

അന്താരാഷ്ട്ര വിഷയങ്ങളിലെ പഠനവും അഗാധ പാണ്ഡ്യത്യവും യെച്ചൂരിയെ മറ്റു രാജ്യങ്ങളില്‍ പോലും പ്രിയങ്കരനാക്കി. നേപ്പാളില്‍ മാവോയിസ്റ്റുകളെ ജനാധിപത്യപാതയില്‍ കൊണ്ടുവരാന്‍ യെച്ചൂരി നടത്തിയ ശ്രമങ്ങള്‍ പ്രശംസാര്‍ഹമായിരുന്നു. അവിടുത്തെ മാവോവാദി നേതാക്കളായ പ്രചണ്ഡ, ബാബുറാം ഭട്ടാറായി തുടങ്ങിയവരുമായി അടുത്ത സൗഹൃദം യെച്ചൂരിക്കുണ്ടായിരുന്നു. മികച്ച വാഗ്മിയും നയതന്ത്രജഞനുമായ അദ്ദേഹം ആറിലധികം ഭാഷകള്‍ അനായാസേന കൈകാര്യം ചെയ്യും.

ആഗോളവത്കരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ അദ്ദേഹം എഴുതി. രാജ്യം കണ്ട മികച്ച പാര്‍ലമെന്റേറിയന്‍മാരില്‍ ഒരാളായ യെച്ചൂരിയാണ് കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതികള്‍ ആദ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷവും ഏറെ ശ്രദ്ധേയമായ ഇടപെടലുകള്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. രാജ്യസഭയിലേക്ക് വീണ്ടും മടങ്ങിയെത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും ഒരേസ്വരത്തില്‍ ആവശ്യപ്പെട്ടുവെങ്കിലും പാര്‍ട്ടി അത് വേണ്ട എന്നു തീരുമാനിക്കുകയായിരുന്നു.

പാര്‍ട്ടി ചട്ടക്കൂടിന്റെ ലെനിനിസ്റ്റ് സംഘടനാ തത്വങ്ങള്‍ക്കപ്പുറം മാര്‍ക്‌സിസത്തിന്റെ മാനുഷികതയ്ക്ക് പ്രാധാന്യം നല്‍കുന്ന സിപിഐഎം നേതാവെന്നാണ് സിതാറാം യെച്ചൂരി വിലയിരുത്തപ്പെടുന്നത്. അതിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നെങ്കിലും പുറത്ത് പൊതുസമ്മതനായി യെച്ചൂരി തന്റെ ഇടം ഉറപ്പിച്ചു. മാറിയ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ സിപിഐഎമ്മിന് കരുത്തുപകരാന്‍ യെച്ചൂരിയുടെ സംഘടനാശൈലിയ്ക്ക് കഴിയും എന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top