സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും; ജനറല്‍ സെക്രട്ടറിയായി യെച്ചൂരി തുടര്‍ന്നേക്കും

പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: സിപിഐഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. ജനറല്‍ സെക്രട്ടറിയേയും കേന്ദ്ര കമ്മിറ്റിയെയും ഇന്ന് തെരഞ്ഞെടുക്കും. രാഷ്ട്രീയ പ്രമേയം അംഗീകരിക്കപ്പെട്ടതോടെ സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരനാണ് സാധ്യത. കേന്ദ്ര കമ്മിറ്റിക്ക് മുന്‍പായി പൊളിറ്റ് ബ്യുറോ യോഗം ചേരും.

പോളിറ്റ് ബ്യുറോയില്‍ നിന്ന് എസ് രാമചന്ദ്രന്‍പിള്ളയും എകെ പത്മനാഭനും കേന്ദ്രക്കമ്മിറ്റിയില്‍ നിന്ന് പികെ ഗുരുദാസനും ഒഴിവാകും. ഇന്നലെ രാത്രി ചേര്‍ന്ന പിബി യോഗത്തിലും പുതിയ കമ്മിറ്റിയെ സംബന്ധിച്ച തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ വീണ്ടും പോളിറ്റ് ബ്യുറോയും കേന്ദ്രക്കമ്മിറ്റിയും ചേരുന്നത്. പാര്‍ട്ടിയില്‍ പിടിമുറുക്കിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പിലും നിര്‍ണായക ഇടപെടല്‍ നടത്താനാകും. ഉച്ചകഴിഞ്ഞ് മൂന്നുലക്ഷം പേര്‍ അണിനിരക്കുന്ന റാലിയോടെ സരൂര്‍ നഗര്‍ സ്‌റ്റേഡിയത്തിലാണ് പൊതുസമ്മേളന നടപടികള്‍ നടക്കുക.

പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയ പ്രമേയത്തിന് അംഗീകാരം നല്‍കിയിരുന്നു. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഇതര മതേതര പാര്‍ട്ടികളുമായി ചേര്‍ന്നുള്ള സഖ്യമെന്ന ഭാഗം കരട് പ്രമേയത്തില്‍ നിന്ന് ഒഴിവാക്കി. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുമായുള്ള സഖ്യം പാര്‍ട്ടിക്ക് സ്വീകരിക്കാമെന്ന നിര്‍ണായക തീരുമാനമാണ് ഇത്തവണത്തെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടായത്.

കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച് യെച്ചൂരി – കാരാട്ട് പക്ഷങ്ങള്‍ തമ്മിലുള്ള തര്‍ക്കം പാര്‍ട്ടി കോണ്‍ഗ്രസില്‍ രൂക്ഷമായിരുന്നു. എന്നാല്‍ ഇതിനിടെയാണ് സ്റ്റിയറിംഗ് കമ്മിറ്റി(പിബി)യില്‍ നിര്‍ണായകമായ സമവായമുണ്ടായത്. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി ധാരണയോ സഖ്യമോ കൂടാതെ മറ്റ് കക്ഷികളുമായി ധാരണയെന്ന ഭാഗം കരട് പ്രമേയത്തില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതിന് പകരം തെരഞ്ഞെടുപ്പ് സഖ്യം പാടില്ലെന്ന തിരുത്തല്‍ വരുത്താനാണ് സമവായമായത്. ഇതുവഴി കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമൊഴിവാക്കുക എന്നത് നിലനില്‍ക്കുകയും ധാരണയുണ്ടാക്കാനുമാണ് തീരുമാനം. ഇതുവഴി കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാര്‍ട്ടികളുമായി സിപിഐഎമ്മിന് ധാരണയുണ്ടാക്കാമെന്ന സാഹചര്യമാണ് ഉണ്ടായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top