അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമം; അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കുമ്മനം

കുമ്മനം രാജശേഖരന്‍

കൊച്ചി: അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമ സംഭവങ്ങളെപ്പറ്റിയുള്ള അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പൊലീസ് പുറത്തുവിട്ട കണക്കനുസരിച്ച് സിപിഐഎം, കോണ്‍ഗ്രസ്, മുസ്‌ലീം ലീഗ് പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ ഈ കലാപ ശ്രമത്തില്‍ പങ്കാളികളാണെന്നും, അത്തരമൊരു സാഹചര്യത്തില്‍ സംസ്ഥാന പൊലീസ് അന്വേഷണം കാര്യക്ഷമമാകില്ലെന്ന കാര്യം ഉറപ്പാണെന്നും കുമ്മനം പറഞ്ഞു.

മാറാട് കൂട്ടക്കൊലയിലും ഇത് തന്നെയാണ് സംഭവിച്ചത്. സ്വന്തം പാര്‍ട്ടിക്കാരെ സംരക്ഷിക്കാന്‍ ഇടത് വലത് മുന്നണികള്‍ നടത്തിയ ശ്രമമാണ് ആ കേസ് അട്ടിമറിക്കപ്പെടാന്‍ കാരണം. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത്. ഈ കേസില്‍ അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കാന്‍ കേസ് എന്‍ഐഎക്ക് കൈമാറണം. പുറത്തു വരുന്ന വിവരങ്ങള്‍ അനുസരിച്ച് കലാപശ്രമത്തിന് വിദേശ സഹായം ഉണ്ട്. ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും ഇതുമായി ബന്ധമുണ്ടെന്ന സംശയവും ഉയര്‍ന്നു വന്നിട്ടുണ്ട്, കുമ്മനം ആരോപിച്ചു.

കേരളാ പൊലീസ് വലിയ സമ്മര്‍ദ്ദത്തിലാണ്. അതിനാല്‍ തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നവരെ കണ്ടെത്താന്‍ കേരളാ പൊലീസിന് സാധിക്കില്ലെന്ന കാര്യം ഉറപ്പാണ്. ഭരണ പ്രതിപക്ഷ കക്ഷികളിലെ പ്രവര്‍ത്തകര്‍ പ്രതികളായ സാഹചര്യത്തില്‍ കേസ് കാര്യക്ഷമമാകില്ല. അതിനാല്‍ എന്‍ഐഎക്ക് കേസ് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ഇല്ലെങ്കില്‍ കേന്ദ്രം കേസ് ഏറ്റെടുക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top