വിഎസിനും ശങ്കരയ്യക്കും സിപിഐഎം സമ്മേളന വേദിയില്‍ ആദരം

വിഎസിനെയും ശങ്കരയ്യയേയും യെച്ചൂരി ആദരിക്കുന്നു

ഹൈദരാബാദ്: പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ വിഎസ് അച്യുതാനന്ദനും എന്‍ ശങ്കരയ്യക്കും പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആദരം. 1964 -ല്‍ സിപിഐ കൗണ്‍സിലില്‍ നിന്നിറങ്ങി വന്നു സിപിഐഎം രൂപീകരിച്ച 32 പേരില്‍ ഇരുവരും മാത്രമാണ് ജീവിച്ചിരിക്കുന്നത്. സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം നടന്ന കല്‍ക്കട്ട പ്ലീനത്തിലും സംസ്ഥാനത്തെ സിപിഎമ്മിനെ നിരവധി തവണ പ്രതിരോധത്തിലാക്കിയിട്ടുള്ള വിഎസിന് കല്‍ക്കട്ടാ പ്ലീനവേദിയിലും പൊന്നാട അണിയിച്ച് ആദരവൊരുക്കിയിരുന്നു. വിഎസിനെ ആദരിക്കുന്ന ചടങ്ങ് നടന്നിരുന്നു.

22-ാം പാര്‍ട്ടികോണ്‍ഗ്രസിന്റെ ഉദ്ഘാടനവേദിയിലാണ് പാര്‍ട്ടി രൂപീകരിക്കാന്‍ മുന്‍കൈയെടുത്ത മുതിര്‍ന്ന നേതാക്കളായ വിഎസിനും ശങ്കരയ്യയ്ക്കും ആദരവ് നല്‍കിയത്. 95 വയസ് പിന്നിട്ട ശങ്കരയ്യയ്ക്കു പിന്നാലെ 94 വയസുകാരനായ വിഎസിനെ വേദിയിലേയ്ക്ക് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ക്ഷണിച്ചപ്പോള്‍ സദസില്‍ നിന്നും മുദ്രവാക്യങ്ങളുയര്‍ന്നു. സഹായികളുടെ കൈപിടിച്ച് കേരളത്തിലെ നേതാക്കള്‍ക്ക് മുന്നിലൂടെ വി.എസ് വേദിയിലെത്തി. തുടര്‍ന്ന് യെച്ചൂരി തന്നെ ഇരുവര്‍ക്കും ഹാരാര്‍പ്പണം നടത്തുകയായിരുന്നു.

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന 763 പ്രതിനിധികളില്‍ ഒരാള്‍ മാത്രമായി മാറാന്‍ രണ്ടു പേരെയും അനുവദിക്കാതിരുന്നത് യെച്ചൂരിയുടെ സമീപനം തന്നെയാണ് വ്യക്തമാക്കുന്നത്. പ്രായാധിക്യമേറെയുള്ളപ്പോഴും പാര്‍ട്ടി കോണ്‍ഗ്രസില്‍ വിഎസും ശങ്കരയ്യയും മുഴുവന്‍ സമയവും പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top