മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ സൈനികന്റെ പരാതി; ‘റിപ്പോര്‍ട്ടര്‍’ വാര്‍ത്തയെ തുടര്‍ന്ന് നടപടിയെടുക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

കൊല്ലം: പുനലൂര്‍ നഗരസഭ പ്രതികാരബുദ്ധിയോടെ പെരുമാറുന്നെന്നും പണി പൂര്‍ത്തിയാകുന്ന വീടിന് നമ്പര്‍ അനുവദിക്കാന്‍ നഗരസഭയിലെ ഉദ്യോഗസ്ഥര്‍ തയാറാകാന്നില്ലെന്നും സൈനികന്‍ പരാതിപ്പെട്ട സംഭവത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീലിന്റെ ഇടപെടല്‍. പുനലൂര്‍ നഗരസഭ അധികൃതര്‍ കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ സൈനികന്റെ വീടിന് നമ്പര്‍ നല്‍കാതെ പ്രതികാരം ചെയ്യുന്നുവെന്ന വാര്‍ത്ത ‘റിപ്പോര്‍ട്ടര്‍’ ആണ് പുറത്തുകൊണ്ടുവന്നത്.

റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് മന്ത്രി ജലീല്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടല്‍ നടത്തുകയായിരുന്നു. സൈനികന്റെ കുടുംബത്തിന് ഉടന്‍ വീട്ട് നമ്പര്‍ അനുവദിക്കാന്‍ പുനലൂര്‍ നഗരസഭാധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

കൈക്കൂലി നല്‍കാന്‍ തയാറാകാത്തതിനാല്‍ തന്റെ വീടിന് നമ്പര്‍ അനുവദിക്കാന്‍ പുനലൂര്‍ നഗരഭയിലെ ഉദ്യോഗസ്ഥര്‍ തയാറാകില്ലെന്നും എന്തുവന്നാലും കൈക്കൂലി നല്‍കില്ലെന്നും വ്യക്തമാക്കി നെടുമ്പാറ സ്വദേശിയായ സൈനികന്‍ രംഗത്തുവരുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ ജോലി ചെയ്യുന്ന സൈനികന്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് തന്റെ പരാതിയുമായെത്തിയത്. ഈ സംഭവമാണ് ‘റിപ്പോര്‍ട്ടര്‍’ വാര്‍ത്തയാക്കിയത്.

ബാങ്ക് വായ്പ എടുത്താണ് കൊല്ലം പുനലൂര്‍ നഗരസഭയിലെ തുമ്പൂരില്‍ സൈനികന്റെ കുടുംബം ഭൂമി വാങ്ങി വീടുവച്ചത്. മാസങ്ങള്‍ പലതു കഴഞ്ഞിട്ടും വീടിന് നമ്പര്‍ ലഭിച്ചിട്ടില്ല. ഉത്തര്‍പ്രദേശില്‍ സേവനം അനുഷ്ഠിക്കുന്ന സൈനികന്റെ മാതാവ് നിരാഹാര സമരം വരെ നടത്തി. എന്നിട്ടും ഉദ്യോഗസ്ഥര്‍ അനങ്ങിയില്ല. ഇതേതുടര്‍ന്നാണ് സൈനികന്‍ പരാതിയുമായി എത്തിയത്.

നഗരസഭ റോഡില്‍ നിന്ന് നിശ്ചിത ദൂരം പാലിക്കാത്തതാണ് കെട്ടിടനമ്പര്‍ നല്കാനുള്ള തടസ്സമെന്നായിരുന്നു നഗരസഭയുടെ വാദം. കൈക്കൂലി നല്‍കാത്തതിനാല്‍ നഗരസഭ പക പോക്കുകയാണെന്നാണ് സൈനികന്റെ കുടുംബത്തിന്റെ ആരോപണം.

തുടര്‍ന്നാണ് മന്ത്രി വിഷത്തില്‍ ഇടപെടല്‍ നടത്തിയതും വീട്ടുനമ്പര്‍ അനുവദിക്കാന്‍ നഗരസഭാധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top