റേഡിയോ ജോക്കിയുടെ കൊലപാതകം: മുഖ്യപ്രതി അപ്പുണ്ണിയും പിടിയില്‍

കൊല്ലപ്പെട്ട രാജേഷ്

തിരുവനന്തപുരം: ആറ്റിങ്ങല്‍ മടവൂരില്‍ ഗായകനും മുന്‍ റേഡിയോ ജോക്കിയുമായ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളും കായംകുളം സ്വദേശിയുമായ അപ്പുണ്ണി അറസ്റ്റില്‍.

കേസിലെ പ്രധാന പ്രതിയായ അപ്പുണ്ണി കൊലപാതകം ആസൂത്രണം ചെയ്തതില്‍ മുഖ്യപങ്ക് വഹിച്ചയാളാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഖത്തറിൽ നിന്നും നാട്ടിലെത്തിയ കേസിലെ മറ്റൊരു പ്രതിയായ അലിഭായിക്ക് രക്ഷപെടാനുള്ള സൗകര്യം ഒരുക്കിയതും കൊല്ലപ്പെട്ട രാജേഷിന്റെ നീക്കങ്ങളെ കുറിച്ച് വിവരം നല്‍കിയതും
രാജേഷിന്‍റെ വിവരങ്ങൾ നൽകിയതും അപ്പുണ്ണിയാണ്. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉൾപ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് സന്ദേശങ്ങള്‍  ഇയാൾ വിവരങ്ങൾ കൈമാറിയിരുന്നത്. കൊലയാളികൾ സഞ്ചരിച്ച വാഹനം സംഘടിപ്പിച്ചതും സംഘത്തിനു താമസ സൗകര്യം കണ്ടെത്തിയതും അപ്പുണ്ണിയാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.

മുൻപ് നിരവധി കേസുകളിൽ പ്രതിയായ അപ്പുണ്ണി രാജേഷിന്‍റെ കൊലപാതകത്തിന് ശേഷം തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങൾ ഒളിവിൽ കഴിയുകയായിരുന്നു. കേസിലെ മറ്റ് പ്രതികളെയെല്ലാം പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തപ്പോഴും അപ്പുണ്ണി ഒളിവിൽ തുടരുകയായിരുന്നു.

രാജേഷിനെ കൊലപ്പെടുത്താനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്ത് നടപ്പാക്കിയ കായംകുളം സ്വദേശി അലിഭായിയെ പൊലീസ് ഖത്തറില്‍ നിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തിരുന്നു. അലിഭായിയുടെ സുഹൃത്തും ഇയാള്‍ ഇന്‍സ്ട്രക്ടറായി ജോലി ചെയ്യുന്ന ജിംനേഷ്യം ഉടമയുമായ ഖത്തറിലുള്ള സത്താര്‍ എന്നയാളുടെ നിര്‍ദേശപ്രകാരമാണ് രാജേഷിന്റെ വധം സംഘം ആസൂത്രണം ചെയ്തത്.

കൊല്ലപ്പെട്ട രാജേഷ് നേരത്തെ ഖത്തറില്‍ ജോലി ചെയ്തിരുന്നു. ഈ സമയത്ത് നൃത്താധ്യാപികയും സത്താറിന്റെ ഭാര്യയായ യുവതിയുമായി രാജേഷ് ബന്ധം പുലര്‍ത്തിയതും ഇതേതുടര്‍ന്ന് ദാമ്പത്യജീവിതം തകര്‍ന്നതുമാണ് സത്താറിനെ രാജേഷിന്റെ വധത്തിന് പ്രരിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. രാജേഷുമായുള്ള ബന്ധത്തെ തുടര്‍ന്ന് സത്താറിന്റെ ഭാര്യയും സത്താറും വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു.

ഇതേതുടര്‍ന്ന് സുഹൃത്തായ അലിഭായിയെ രാജേഷിനെ വധിക്കാന്‍ സത്താര്‍ ചുമതലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അലിഭായി നാട്ടിലെത്തി അപ്പുണ്ണിയുടക്കമുള്ളവരുടെ സഹായത്തോടെ കൊല നടത്തിയെന്നാണ് കേസ്.

മാര്‍ച്ച് 27 ന് പുലര്‍ച്ചെ രണ്ടരയോടെയാണ് മടവൂരിലെ സ്വന്തം സ്റ്റുഡിയോയില്‍ വെച്ച് രാജേഷ് കൊല്ലപ്പെടുന്നത്. സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം ആലപ്പുഴയിലെ കായംകുളത്ത് നിന്ന് പ്രതികള്‍ സഞ്ചരിച്ച ചുവന്ന സ്വിഫ്റ്റ് കാര്‍ പൊലീസ് കണ്ടെത്തിയിരുന്നു. രാജേഷിന്റേത് ക്വട്ടേഷന്‍ കൊലപാതകമാണെന്ന് തുടക്കത്തില്‍ തന്നെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജേഷിന് ഖത്തറിലുള്ള ഒരു മലയാളി യുവതിയുമായി അടുപ്പമുണ്ടെന്നും ഇവരുടെ ഭര്‍ത്താവ് നല്‍കിയ ക്വട്ടേഷനാണ് രാജേഷിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നും വ്യക്തമായിരുന്നു.

ഓച്ചിറ സ്വദേശികളായ യാസിന്‍, സനു എന്നിവരാണ് കേസില്‍ ആദ്യം അറസ്റ്റിലായത്. ക്വട്ടേഷന്‍ നല്‍കിയ  സത്താറാണ് ഇനി പിടിയിലാകാനുള്ളത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top