വരാപ്പുഴ കസ്റ്റഡി മരണം; ശ്രീജിത്തിന്റെ ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ശ്രീജിത്ത്

കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ശരീരത്തില്‍ ആകെ 22 മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതില്‍ നാലെണ്ണം ശസ്ത്രക്രിയ മൂലം ഉണ്ടായവയും ബാക്കി 18 എണ്ണം നേരത്തെ സംഭവിച്ചവുമാണ്. മൂക്കിന്റെ പാലം ഇടിയേറ്റ് തകര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ശസ്ത്രക്രിയ ചെയ്തതുള്‍പ്പടെ 22 മുറിവുകളാണ് ശ്രീജിത്തിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 18 ക്ഷതങ്ങള്‍ നേരത്തെ സംഭവിച്ചതാണ്. കയ്യോ, കാലോ കൊണ്ട് മര്‍ദ്ദിക്കുമ്പോഴുണ്ടാക്കുന്ന ക്ഷതങ്ങളാണ് ശരീരത്തിലുണ്ടായിരുന്നത്. ശക്തമായ ഇടിയില്‍ മൂക്കില്‍ രണ്ട് മുറിവുകള്‍ ഉണ്ടായി. മൂക്കിന്റെ പാലം തകര്‍ന്നിട്ടുണ്ട്. ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ചെറുകുടല്‍ പൊട്ടി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വയറിനുള്ളില്‍ കലര്‍ന്ന അവസ്ഥയിലായിരുന്നു.

ശക്തമായ ചവിട്ടേറ്റല്‍ മാത്രമേ ചെറുകുടലിലെ ജെജുനം എന്ന ഭാഗത്ത് ഇത്തരത്തില്‍ മുറിവുണ്ടാകൂ എന്നാണ് ഫോറന്‍സിക് വിഭാഗത്തിന്റെ കണക്ക് കൂട്ടല്‍. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന മൊഴിയാണ് ആലപ്പുഴ മെഡിക്കല്‍ കോളെജിലെ ഫോറന്‍സിക് സര്‍ജന്‍മാരായ ഡോക്ടര്‍ സക്കറിയയും ഡോക്ടര്‍ ശ്രീലക്ഷ്മിയും അന്വേഷണ സംഘത്തിന് മുന്നില്‍ നല്‍കിയിട്ടുള്ളതും. അടിവയറ്റിലും നെഞ്ചിലും ക്ഷതമേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ട്. തുടയില്‍ ചവിട്ടേറ്റ ക്ഷതവും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായി. ചെറുകുടലിലെ മുറിവും അണുബാധയും മരണത്തിലേക്കു നയിച്ചെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top