ആസിഫയ്ക്ക് നീതി കിട്ടാന്‍ നിയമവഴിയില്‍ ഏതറ്റം വരെയും പോകും: യൂത്ത് ലീഗ്

പ്രതീകാത്മക ചിത്രം

കോഴിക്കോട്: കശ്മീരിലെ കത്വയില്‍ ഭീകരമാംവിധം വംശീയ ഉന്‍മൂലനത്തിന് ഇരയായ ആസിഫയ്ക്ക് നീതി കിട്ടും എന്നുറപ്പാക്കാന്‍, അന്വേഷണം സുപ്രിം കോടതിയുടെ മേല്‍നോട്ടത്തിലാക്കണമെന്നും വിചാരണ കശ്മീരിന് പുറത്ത് നടത്തണമെന്നും യൂത്ത് ലീഗ് ദേശീയ നേതാക്കള്‍ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും ബിജെപിയും എടുക്കുന്ന നിലപാട് മനുഷ്യത്വ വിരുദ്ധമാണ്. കശ്മീരില്‍ പ്രതികളെ സംരക്ഷിക്കാന്‍ നടന്ന മാര്‍ച്ചില്‍ പങ്കെടുത്തത് രണ്ട് ബിജെപി മന്ത്രിമാരാണ്. മെഹബൂബ മുഫ്തി ബിജെപി ബന്ധം ഉപേക്ഷിക്കണം. കശ്മീര്‍ ജനതയെ സംരക്ഷിക്കാനും ഇന്ത്യയോട് ചേര്‍ത്ത് നിര്‍ത്താനുമാണ് അവര്‍ക്ക് ജനം മാന്‍ഡേറ്റ് നല്‍കുന്നത്. ബിജെപി ഏജന്റായി തരംതാണ് ആ ജനതയെ കൊന്നൊടുക്കാനല്ല. ഉത്തര്‍പ്രദേശിലെ ഉന്നവോയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച്, പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത് ബിജെപി എംഎല്‍എയാണ്. ബേഠി ബച്ചാവോ എന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ബിജെപിയുടെ നേതാക്കന്‍മാരില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കാന്‍ സമരം ചെയ്യേണ്ട ഗതികേടിലാണ് രാജ്യമെന്ന് നേതാക്കള്‍ പറഞ്ഞു.

കേരളത്തില്‍ ലീഗ് നടത്തിയ കൊലപാതകങ്ങള്‍ എന്ന പേരില്‍ വ്യാജ പ്രചാരണം നടത്തുന്ന കെടി ജലീല്‍, ബംഗാളില്‍ സിപിഐഎം നടത്തിയ മുസ്‌ലിംഹത്യക ളെക്കുറിച്ച് മൗനംപാലിക്കുന്നത് ആത്മവഞ്ചനയാണെന്ന് യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ് ഗഫാര്‍ പറഞ്ഞു. അദ്ദേഹം വരാന്‍ തയാറാണെങ്കില്‍ സ്വന്തം ചിലവില്‍ ബംഗാളില്‍ കൊണ്ടുപോകാന്‍ തയാറാണ്. മുപ്പത്തിനാല് വര്‍ഷത്തെ സിപിഐഎം ഭരണകാലത്ത് കൊല്ലപ്പെട്ട നൂറ് കണക്കിന് മുസ്‌ലിം സഹോദരന്‍മാരുടെ വീടും കുടുംബാംഗങ്ങളെയും നേരില്‍ കണ്ട്, ഒരു പുസ്തകം തന്നെ എഴുതാനാകും. അതിനായി സിപിഐഎമ്മിനു വേണ്ടി കേരളത്തില്‍ കൂലിക്ക് കള്ളം പറയുന്ന കെടി ജലീലിനെ വെല്ലുവിളിക്കുകയാണ് എന്നും സാബിര്‍ ഗഫാര്‍ പറഞ്ഞു.

ആസിഫയ്ക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തില്‍, കുടുംബത്തിന്റെ കൂടെ നില്‍ക്കുമെന്നും ഏതറ്റം വരെയും പോകുമെന്നും നേതാക്കള്‍ പറഞ്ഞു. ആസിഫമാര്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ രാജ്യവ്യാപകമായി യൂത്ത് ലീഗ് ക്യാമ്പയിന്‍ സംഘടിപ്പിക്കും. ഏപ്രില്‍ 27 ന്, മഹാരാഷ്ട്രയിലെ അമരാവതിയില്‍ ആന്വല്‍ യൂത്ത് അസംബ്ലിയും ബഹുജന സംഗമവും സംഘടിപ്പിക്കും. റംസാന്‍ പ്രമാണിച്ച് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ വിപുലമായ റിലീഫ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ് ഗഫാര്‍, ജനറല്‍ സെക്രട്ടറി സികെ സുബൈര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കറ്റി പികെ ഫിറോസ്, ദേശീയ വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് വികെ ഫൈസല്‍ ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top