ഡോക്ടര്‍മാരുടെ സമരം ജനങ്ങളോടുള്ള വെല്ലുവിളി: എഐവൈഎഫ്

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വിഭാഗം ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ജന വിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി
മഹേഷ് കക്കത്ത്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഒപി സമയം നീട്ടിയതാണ് സമരത്തിനാധാരമായ വിഷയം. ആരോഗ്യരംഗത്ത് ജനതാല്‍പര്യം മുന്‍നിറുത്തി സര്‍ക്കാര്‍ നടപ്പാക്കുന്ന ആര്‍ദ്രം പദ്ധതി പ്രകാരമാണ് ഒപി സമയം ദീര്‍ഘിപ്പിച്ചത്. സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനും അതിലൂടെ രോഗികള്‍ സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തില്‍ നിന്ന് മോചിതരാകും എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഇതിന്റെ എല്ലാ വശങ്ങളും നന്നായി മനസിലാക്കുന്ന ഡോക്ടര്‍മാര്‍ ഈ പദ്ധതിക്കെതിരെ രംഗത്തു വരുന്നത് ആരെ സഹായിക്കാനാണെന്ന് എഐവൈഎഫ് ചോദിക്കുന്നു.

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഓരോ ഡോക്ടര്‍മാര്‍ മാത്രം ഉണ്ടായിരുന്ന ആശുപത്രികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയപ്പോള്‍ ഡോക്ടര്‍മാരുടെ എണ്ണം മൂന്നാക്കി വര്‍ധിപ്പിച്ചു. നാല് നഴ്‌സുമാരും, ലാബ് ടെക്‌നിഷ്യന്‍മാരും ഇതിന്റെ ഭാഗമായി അധികമായി നിയമിക്കപ്പെട്ടു. എന്നിട്ടും സര്‍ക്കാര്‍ ആശുപത്രികള്‍ ഉച്ച കഴിഞ്ഞ് പ്രവത്തിക്കേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വാശി പിടിക്കുന്നതിന്റെ ഉദ്ദേശ്യം സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ്. സ്വകാര്യ പ്രാക്ടീസിന് ഭംഗമുണ്ടാകും എന്നതാണ് ഡോക്ടര്‍മാരില്‍ ഒരു വിഭാഗത്തിനെ ഈ സമരത്തിലേക്ക് നയിച്ചത് എന്നാണ് മനസ്സിലാക്കുന്നതെന്ന് എഐവൈഎഫ് ചൂണ്ടിക്കാട്ടി.

സംഘടനയുടെ നിര്‍ദേശം ഉള്ളതുകൊണ്ട് രോഗികളെ ചികിത്സിക്കില്ലെന്ന് എഴുതിക്കൊടുത്ത ഡോക്ടര്‍ക്കെതിരായി നടപടി സ്വീകരിച്ചതിനെതിരെ സമരം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. രോഗികളെ വച്ച് സര്‍ക്കാരിനോട് വിലപേശുന്ന ഡോക്ടര്‍മാരുടെ നടപടി പ്രൊഫഷണല്‍ എത്തിക്‌സിന് നിരക്കുന്നതല്ല. രോഗികളെ വെല്ലുവിളിക്കുന്ന ഈ സമരം അടിയന്തരമായി പിന്‍വലിക്കണം. അല്ലാത്തപക്ഷം ശക്തമായ ബഹുജന പ്രക്ഷോഭം ഡോക്ടര്‍മാര്‍ നേരിടേണ്ടി വരും. ആശുപത്രി ബഹിഷ്‌ക്കരിച്ച് സ്വകാര്യ പ്രക്ടീസ് നടത്തുന്ന കേന്ദ്രങ്ങളിലേക്ക് എഐവൈഎഫ് പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കുമെന്നും എഐവൈഎഫ് അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top