കത്വസംഭവം: ജമ്മു കശ്മീര്‍ സർക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്

സുപ്രിംകോടതി

ദില്ലി: കത്വയില്‍ കൂട്ടബലാത്സംഗം നടത്തി എട്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ സുപ്രിംകോടതി ജമ്മുകാശ്മീർ സർക്കാരിന് നോട്ടീസ് അയച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിനും ഇവരുടെ അഭിഭാഷകയ്ക്കും സംരക്ഷണം ഉറപ്പുവരുത്തണമെന്നും സുപ്രിംകോടതി ഉത്തരവിട്ടിട്ടുണ്ട്. കേസിന്റെ വിചാരണ ജമ്മുകശ്മീരില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട്  ഇരയുടെ പിതാവാണ്‌ സുപ്രിം കോടതിയെ സമീപിച്ചത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും പിതാവ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഈ ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ ഇടപെടല്‍.

ഇന്ന് രാവിലെയാണ് വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ഇരയുടെ പിതാവിന്റെ അഭിഭാഷക കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് ഉച്ചയ്ക്ക് രണ്ട് മണിക്ക് കേസ് പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തീരുമാനിച്ചത്. പിതാവിനു വേണ്ടി മുതിര്‍ന്ന അഭിഭാഷക ഇന്ദ്രാ ജയ്‌സിംഗാണ് കോടതിയില്‍ ഹാജരായത്. കത്വാക്കേസിന്റെ വിചാരണ ഇന്ന് ജമ്മുക്കോടതിയില്‍ ആരംഭിക്കാനിരിക്കെയാണ് പിതാവ് വിചാരണ ചണ്ഢീഗഡിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്.

ജമ്മു കശ്മീര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും ശാസ്ത്രീയമായാണ് പൊലീസ് അന്വേഷണം നടത്തിയതെന്നും പിതാവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഓഗസ്റ്റ് 27 ന് കേസ് ഇനി സുപ്രിംകോടതി പരിഗണിക്കും.

അതേസമയം, കേസിന്റെ വിചാരണ ഏപ്രിൽ 28ലേക്ക്​ മാറ്റി. ഇന്ന്​ കേസ്​ പരിഗണിച്ച ജില്ലാ കോടതിയാണ്​ കേസ്​ 28ലേക്ക്​ മാറ്റിയത്. കേസിന്റെ  വിചാരണ കശ്​മീരിന്​ പുറത്ത്​ നടത്തണമെന്നാവശ്യപ്പെട്ട്​ ​ പെൺകുട്ടിയുടെ കുടുംബം സുപ്രിംകോടതിയെ സമീപിച്ച പശ്​ചാത്തലത്തിലാണ്​ കേസ്​ പരിഗണിക്കുന്നത്​ മാറ്റിയത്​. അതേസമയം, കേസിൽ നുണപരിശോധന നടത്തണമെന്ന്​ പ്രതികൾ ആവശ്യപ്പെട്ടു. നുണപരിശോധന നടത്തിയാൽ എല്ലാം വ്യക്​തമാകും. നണപരിശോധനയാണ്​ തങ്ങളുടെ ആവശ്യമെന്നുംകത്വ കേസിലെ പ്രതികളുടെ അഭിഭാഷകൻ വ്യക്തമാക്കി.

കഴിഞ്ഞ ജനുവരി പത്തിനാണ് ജമ്മു പട്ടണത്തിന് അടുത്ത് കത്വ ജില്ലയിലെ രസാനയില്‍നിന്ന് എട്ട് വയസ്സുകാരിയെ കാണാതാകുന്നത്. ബക്കര്‍വാല്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി വീടിനടുത്ത് കുതിരയെ തീറ്റാന്‍ പോവുകയും പിന്നീട് കാണാതാവുകയുമായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം പ്രദേശത്തെ ക്ഷേത്രത്തില്‍നിന്നും കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ കണ്ടെത്തി.  ക്രൂരമായ ബലാംത്സംഗത്തിന് ഇരയായ കുട്ടിയുടെ തല കല്ലുകൊണ്ട് ഇടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top