കത്വ കൂട്ടബലാത്സംഗം: കേസിന്റെ വിചാരണ ചണ്ഢീഗഡിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: ജമ്മുകാശ്മീരിലെ കത്വയില്‍ കൂട്ടബലാത്സംഗം നടത്തി എട്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ചണ്ഢീഗഡിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പരിഗണിക്കും. ഇരയുടെ പിതാവാണ് കേസിന്റെ വിചാരണ ജമ്മുകാശ്മീരില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചത്.

ഇന്ന് രാവിലെയാണ് വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ഇരയുടെ പിതാവിന്റെ അഭിഭാഷക കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് ഉച്ചയ്ക്ക് രണ്ട് മണിക്ക് കേസ് പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തീരുമാനിച്ചത്. പിതാവിനു വേണ്ടി മുതിര്‍ന്ന അഭിഭാഷക ഇന്ദ്രാ ജയ്‌സിംഗാണ് കോടതിയില്‍ ഹാജരാകുന്നത്.

കത്വാക്കേസിന്റെ വിചാരണ ഇന്ന് ജമ്മുക്കോടതിയില്‍ ആരംഭിക്കാനിരിക്കെയാണ് പിതാവ് വിചാരണ ചണ്ഢീഗഡിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്. അതേസമയം കേസിന്റെ വിചാരണ നടപടികള്‍ ഈ മാസം ഈ മാസം 28ലേക്ക് മാറ്റി.

കഴിഞ്ഞ ജനുവരി പത്തിനാണ് ജമ്മു പട്ടണത്തിന് അടുത്ത് കത്തുവ ജില്ലയിലെ രസാനയില്‍നിന്ന് എട്ട് വയസ്സുകാരിയെ കാണാതാകുന്നത്. ബക്കര്‍വാല്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി വീടിനടുത്ത് കുതിരയെ തീറ്റാന്‍ പോവുകയും പിന്നീട് കാണാതാവുകയുമായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം പ്രദേശത്തെ ക്ഷേത്രത്തില്‍നിന്നും കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ കണ്ടെത്തി.  ക്രൂരമായ ബലാംത്സംഗത്തിന് ഇരയായ കുട്ടിയുടെ തല കല്ലുകൊണ്ട് ഇടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top