എംജി യൂണിവേഴ്‌സിറ്റി വിസി ബാബു സെബാസ്റ്റ്യന് മേയ് നാല് വരെ തുടരാന്‍ സുപ്രിം കോടതി അനുമതി; ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തീരുമാനം

കൊച്ചി: വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എംജി യൂണിവേഴ്‌സിറ്റി വിസി ബാബു സെബാസ്റ്റ്യന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രിംകോടതി ബാബു സെബാസ്റ്റ്യന് മേയ് നാല് വരെ തുടരാന്‍ അനുമതി നല്‍കി. ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതി ഏര്‍പെടുത്തിയ സ്റ്റെ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ബാബു സെബാസ്റ്റ്യന്റെ ഹര്‍ജി സുപ്രിംകോടതി പരിഗണിച്ചത്.

സ്റ്റെ നീട്ടാന്‍ സുപ്രിംകോടതി തയ്യാറായിരുന്നില്ലെങ്കില്‍ ബാബു സെബാസ്റ്റ്യന്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയേണ്ടി വരുമായിരുന്നു. കേസ് മേയ് 4നു അന്തിമ വാദത്തിനായി സുപ്രിം കോടതി പരിഗണിക്കും

യുജിസി മാനദണ്ഡങ്ങള്‍ പ്രകാരം വൈസ് ചാന്‍സലര്‍ക്ക് വേണ്ട യോഗ്യതകള്‍ ബാബു സെബാസ്‌ററ്യനില്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. വൈസ് ചാന്‍സിലര്‍ക്ക് പത്ത് വര്‍ഷം പ്രൊഫസറായുള്ള സേവനപരിചയം വേണമെന്ന യുജിസി ചട്ടം ബാബു സെബാസ്റ്റ്യന്റെ നിയമനകാര്യത്തില്‍ പാലിക്കപ്പെട്ടിട്ടില്ലന്നാണ് ഹൈക്കോടതി വിലയിരുത്തിയത്.

അതേസമയം, വൈസ് ചാന്‍സിലറാകാന്‍ വേണ്ട യോഗ്യത തനിക്ക് ഉണ്ടെന്നും ഒന്നുകില്‍ പത്തുവര്‍ഷത്തെ പ്രൊഫസറായുള്ള പരിചയമോ അല്ലെങ്കില്‍ പത്ത് വര്‍ഷത്തെ അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ രംഗത്തെ പരിചയമോ ആണ് വൈസ് ചാന്‍സിലറാകാന്‍ യുജിസി വച്ചിരിക്കുന്ന മാനദണ്ഡമെന്നും ബാബു സെബാസ്റ്റ്യന്‍ പ്രതികരിച്ചു. ഈ യോഗ്യത തനിക്ക് ഉണ്ടെന്നും 11 വര്‍ഷത്തെ സ്‌റ്റേറ്റ് ലവല്‍ ഡയറക്‌റക്ടറായുള്ള സേവനത്തിന് ശേഷമാണ് എംജിയില്‍ വിസിയായതെന്നും അദ്ദേഹം വ്യക്തമാക്കി.

2014 ഓഗസ്റ്റില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് എജി സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ ബാബു സെബാസ്റ്റ്യനെ നിയമിച്ചത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ താല്‍പര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ നിയമനം. മുന്‍പ് കേരള കോണ്‍ഗ്രസിന്റെ നോമിനിയായി എംജി സര്‍വകലാശാല വൈസ് ചാന്‍സിലറായ ഡോ എവി ജോര്‍ജിന് മതിയായ യോഗ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടി സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ഷീല ദീക്ഷിത് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. ജോര്‍ജിന്റെ പിന്‍ഗാമിയായാണ് ഡോ ബാബു സെബാസ്റ്റ്യന്‍ നിയമിതനായത്. അദ്ദേഹത്തിനും മതിയായ യോഗ്യത ഇല്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top