കോമണ്‍വെല്‍ത്ത് പുരുഷ ബാഡ്മിന്റണില്‍ കെ ശ്രീകാന്ത് വീണു; സ്വര്‍ണം ലീ ചോങ് വേയിക്ക് തന്നെ

സ്വര്‍ണം നേടിയ ചോങ് വേയിയുടെ അഹ്‌ളാദം, പിന്നില്‍ പരാജയപ്പെട്ട ശ്രീകാന്ത്

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് പുരുഷ വിഭാഗം ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ കെ ശ്രീകാന്തിന് കാലിടറി. ലോക ഒന്നാം നമ്പരായ ശ്രീകാന്തിനെ വീഴ്ത്തി മലേഷ്യയുടെ വെറ്ററന്‍ താരവും മുന്‍ ലോക ഒന്നാം നമ്പരുമായ ലീ ചോങ് വേയി വിജയം സ്വന്തമാക്കി. സ്‌കോര്‍: 19-21, 21-14, 21-14.

ആദ്യസെറ്റ് ശ്രീകാന്ത് സ്വന്തമാക്കിയെങ്കിലും രണ്ടും മൂന്നും സെറ്റുകളില്‍ ശക്തമായ തിരിച്ചുവരവ് നടത്തി ചോങ് വേയി സ്വര്‍ണനേട്ടം എത്തിപ്പിടിക്കുകയായിരുന്നു. 35 വയസുകാരനായ ലീ ചോങിന് പതിറ്റാണ്ടുകളായുള്ള തന്റെ തന്റെ പരിചയസമ്പത്ത് ഫൈനലില്‍ തുണയാവുകയായിരുന്നു. ടീം ഇനത്തില്‍ ശ്രീകാന്തില്‍ നിന്നേറ്റ പരാജയത്തിന്റെ മധുരപ്രതികാരം കൂടിയായി ഫൈനലില്‍ ഇതിഹാസ താരമായ ചോങ് വേയിയുടെ വിജയം.

ഇതോടെ മൂന്ന് കോമണ്‍വെല്‍ത്തില്‍ നിന്നായി ചോങ് വേയിയുടെ സ്വര്‍ണസമ്പാദ്യം അഞ്ചായി. 2006, 2010 കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ ടീം ഇനത്തിലും സിംഗിളുകളിലും ചോങ് വേയി സ്വര്‍ണം സ്വന്തമാക്കിയിരുന്നു.

ശ്രീകാന്തിന്റെ വെള്ളിമെഡലോടെ ഇന്ത്യക്ക് 18 വെള്ളിയായി. നേരത്തെ വനിത സിംഗിള്‍സില്‍ സൈന നെഹ്വാള്‍, ഇന്ത്യയുടെ തന്നെ സിന്ധുവിനെ പരാജയപ്പെടുത്തി സ്വര്‍ണം നേടിയതോടെ ഇന്ത്യന്‍ മെഡല്‍ പട്ടികയില്‍ സ്വര്‍ണം 26 ആയിരുന്നു. 19 വെങ്കലവും ഇന്ത്യ നേടി. മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top