കാവേരി വിഷയത്തില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു; വൈക്കോയുടെ മരുമകന്‍ ഗുരുതരാവസ്ഥയില്‍

കാവേരി വിഷത്തില്‍ പ്രതിഷേധം നടത്തുന്ന വൈകോ

മധുര: കാവേരി നദീജല ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ സ്വയം തീകൊളുത്തി ആത്മാഹൂതിക്കു ശ്രമിച്ച, മരുമലര്‍ച്ചി ദ്രാവിഡ മുന്നേട്ര കഴകം (എംഡിഎംകെ) നേതാവ് വൈകോയുടെ അനന്തിരവന്‍ ഗുരുതരാവസ്ഥയില്‍. വൈകോയുടെ ഭാര്യാ സഹോദര പുത്രന്‍ ശരവണ സുരേഷ് ആണ് സ്വയം തീകൊളുത്തി ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്.

90 ശതമാനത്തിലധികം പൊള്ളലേറ്റ 25കാരനായ ശരവണ സുരേഷ് അതീവ ഗുരുതരാവസ്ഥയിലാണ്. വിരുദ്‌നഗര്‍ സ്വദേശിയായ ശരവണ വെള്ളിയാഴ്ച രാവിലെയാണ് തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. പുലര്‍ച്ചെ അഞ്ചിന് പ്രഭാത സവാരിക്കെന്ന് ഭാര്യയോട് പറഞ്ഞ് പുറത്തേക്ക് പോയ ശരവണ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. വീടിന് സമീപത്തെ മൈതാനത്ത് രാവിലെ ഏഴോടെയാണ് ഇയാള്‍ കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കുക എന്ന മുദ്രാവാക്യം മുഴക്കിയ ശേഷം തീകൊളുത്തിയത്.

കര്‍ണാടകയുമായുള്ള നദീജല തര്‍ക്കത്തില്‍ കാവേരി മാനേജ്മെന്റ് ബോര്‍ഡ് ഉടന്‍ തന്നെ രൂപീകരിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ശരവണന്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്ന് വൈകോ ആരോപിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍, ജനങ്ങള്‍ സംയമനം പാലിക്കണമെന്നും ആത്മഹത്യ പോലുള്ള പ്രതിഷേധ രീതികള്‍ സ്വീകരിക്കരുതെന്നും വൈകോ അഭ്യര്‍ത്ഥിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top