കോമണ്‍വെല്‍ത്ത്: വനിതാ ബാഡ്മിന്റണ്‍ ഫൈനലില്‍ സിന്ധുവും സൈനയും നേര്‍ക്കുനേര്‍

സൈനയും സിന്ധുവും (ഫയല്‍)

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ബാഡ്മിന്റണ്‍ ഫൈനലില്‍ ആര്‍ക്കുവേണ്ടി കൈയടിക്കുമെന്ന കാര്യത്തില്‍ ഇന്ത്യന്‍ കായികപ്രേമികള്‍ വിഷമിക്കും. തങ്ങളുടെ ഇഷ്ടതാരങ്ങളായ സൈന നെഹ്വാളും പിവി സിന്ധുവുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. വിജയം ആര്‍ക്കൊപ്പം നിന്നാലും ഈ ഇനത്തില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യക്കാവും.

ലോകമൂന്നാം നമ്പര്‍താരവും റിയോ ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവുമാണ് പിവി സിന്ധു. നിലവില്‍ ലോക 12 -ാം റാങ്കുകാരിയാണ് സൈന നെഹ്വാള്‍. നേരത്തെ ലോക ഒന്നാം നമ്പരിലെത്തിയിട്ടുള്ള സൈന 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവുമാണ്. ഇരുവരുടെയും പരിശീലന്‍ പുല്ലേല ഗോപിചന്ദാണ്.

കാനഡയുടെ മിഷേൽ ലിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് സിന്ധു ഫൈനലിന് യോഗ്യത നേടിയത്. സ്കോർ 21-18, 21-8. സിന്ധുവിന്റെ അതിവേഗമുള്ള മുന്നേറ്റത്തില്‍ പതറിപ്പോയ കനേഡിയൻ താരം സെമിയിൽ കാര്യമായ ചെറുത്തുനിൽപ്പില്ലാതെ കീഴടങ്ങുകയായിരുന്നു.

സ്‌കോട്‌ലാന്‍ഡിന്റെ  ക്രിസ്റ്റി ഗിൽമോറിനെ ശക്തമായ പോരാട്ടത്തിനൊടുവില്‍ മറികടന്നാണ് സൈന കലാശക്കളിക്ക് അർഹത നേടിയത്. 21-14, 18-21, 21-17 എന്ന നിലയിലായിരുന്നു സെമിയിലെ സൈനയുടെ വിജയം. ആദ്യ ഗെയിം നേടിയ സൈന രണ്ടാം ഗെയിമിൽ സ്കോട്ടിഷ് താരത്തോട് അടിയറവ് പറഞ്ഞു. എന്നാൽ മൂന്നാം ഗെയിമിൽ ശക്തമായി തിരിച്ചുവന്ന സൈന മത്സരം സ്വന്തമാക്കുകയായിരുന്നു.

ബാഡ്മിന്റണ്‍ പുരുഷവിഭാഗം ഫൈനലില്‍ ഇന്ത്യന്‍താരവും ലോക ഒന്നാം നമ്പരുമായ കിഡംബി ശ്രീകാന്തും ഫൈനലിലെത്തി. വനിതാവിഭാഗത്തിന് സമാനമായി പുരുഷവിഭാഗത്തിലും  രണ്ട് ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള ഫൈനല്‍ പോരാട്ടത്തിനു സാധ്യത തെളിഞ്ഞിരുന്നു. എന്നാല്‍ സെമിയില്‍ ഇന്ത്യയുടെ എച്ച്എസ് പ്രണോയ് മലേഷ്യയുടെ മുതിര്‍ന്ന താരം ലീ ചോങ് വെയിയോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടങ്ങിയതോടെ മറ്റൊരു സ്വപ്‌നഫൈനലിന് കൂടിയുള്ള സാധ്യത അവസാനിക്കുകയായിരുന്നു. 21-16, 9-21, 21-14 എന്ന സ്‌കോറിനായിരുന്നു ലീ ചോങ് വെയിയുടെ വിജയം.

ഫൈനലില്‍ മുന്‍ ലോക ഒന്നാംനമ്പരായ വെയിയും നിലവിലെ ഒന്നാം നമ്പരായ ഇന്ത്യയുടെ ശ്രീകാന്തും തമ്മിലുള്ള ശക്തമായ പോരാട്ടത്തില്‍ ആര് വിജയിക്കുമെന്ന കാത്തിരിക്കുകയാണ് കായികപ്രേമികള്‍.

ഇന്നലെ ശ്രീകാന്ത്, ഇംഗ്ലീഷ് താരവും മലയാളിയുമായ രാജീവ് ഔസേപ്പിനെ 21-10, 21-17 എന്ന സ്‌കോറിന് കീഴടക്കിയാണ് കലാശപ്പോരിന് അര്‍ഹനായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top