കത്വ സംഭവം ഞെട്ടിപ്പിക്കുന്നത്, പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ; അപലപിച്ച് യുഎന്‍

അന്റോണിയോ ഗുട്ടറെസ്

ജനീവ: ജമ്മുകശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരി കൂട്ട ബലാംത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് യുഎന്‍. സംഭവം ഞെട്ടിക്കുന്നതാണെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് പ്രതികരിച്ചത്. സംഭവത്തെ ഭയാനകം എന്ന് വിശേഷിപ്പിച്ച ഗുട്ടറെസ് ഇതിന് പിന്നിലെ പ്രതികളെ അധികൃതര്‍ എത്രയും പെട്ടെന്ന് നീതിപീഠത്തിന് മുന്നിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ ജനുവരി പത്തിനാണ് ജമ്മു പട്ടണത്തിന് അടുത്ത് കത്തുവ ജില്ലയിലെ രസാനയില്‍നിന്ന് എട്ട് വയസ്സുകാരിയെ കാണാതാകുന്നത്. ബക്കര്‍വാല്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി വീടിനടുത്ത് കുതിരയെ തീറ്റാന്‍ പോവുകയും കാണാതാവുകയുമായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം പ്രദേശത്തെ ക്ഷേത്രത്തില്‍നിന്നും കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ കണ്ടെത്തുകയായിരുന്നു. കുട്ടി ക്രൂരമായ ബലാംത്സംഗത്തിന് ഇരയാകുകയും തല കല്ലുകൊണ്ട് ഇടിയേറ്റ് തകര്‍ന്ന നിലയിലുമായിരുന്നു.

അതേസമയം  ദിവസങ്ങളോളം ആ കുഞ്ഞ് നേരിടേണ്ടിവന്ന വേദനയുടെ ഞെട്ടിക്കുന്ന  വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന കുറ്റപത്രത്തിലുള്ളത്.  തന്റെ അവസാന നിമിഷങ്ങളില്‍ അവള്‍ അനുഭവിക്കേണ്ടിവന്ന വേദനയ്ക്ക് മുന്നില്‍ ഒരു കണ്ണീരുകൊണ്ടും പകരം വീട്ടാനാകില്ലെന്നത് കുറ്റപത്രത്തിലെ വിവരങ്ങളില്‍ നിന്നും വ്യക്തം.

കൊല്ലപ്പെടുന്നതിന് മുന്‍പ് പെണ്‍കുട്ടി മൂന്ന് തവണയാണ് കൂട്ടബലാംത്സംഗത്തിനിരയായത്. രണ്ട് പൊലീസുകാരടങ്ങുന്ന ആറ് പേരുടെ സംഘമാണ് കുഞ്ഞിനെ മൂന്ന് വട്ടം ബലാംത്സംഗത്തിനിര യാക്കുന്നത്. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം മരിച്ചെന്ന് ഉറപ്പുവരുത്തുന്നതിനായി വലിയ കല്ലുകൊണ്ട് രണ്ട് വട്ടം തലയ്ക്കടിച്ചതും ഉള്‍പ്പെടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് 18 പേജുള്ള കുറ്റപത്രത്തിലുള്ളത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top