നവാസ് ഷെരീഫിന് ആജീവനാന്തവിലക്ക്: മുന്‍ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ഭാവി അവസാനിപ്പിച്ച് പാക് സുപ്രിംകോടതി വിധി

നവാസ് ഷെരീഫ് ( ഫയല്‍ ചിത്രം )

ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്ക്.  പാകിസ്താന്‍ സുപ്രിംകോടതിയുടേതാണ് ഉത്തരവ്. പനാമ പേപ്പര്‍ വിവാദത്തെ തുടര്‍ന്നുള്ള നടപടികളുടെ ഭാഗമായാണ് ഷരീഫിന്  ആജീവനാന്ത വിലക്ക് വന്നത്. പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ഷരീഫിന് അധികാരത്തിൽ തിരിച്ചുവരാനുള്ള സാധ്യതയാണ് ഇതോടെ അവസാനിപ്പിച്ചത്.

പാക് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 62(1) എഫ് പ്രകാരം ആജീവനാന്ത വിലക്കാണ് ഷരീഫിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.  സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായിട്ടായിരുന്നു മുന്‍ പ്രധാനമന്ത്രിയെ വിലക്കാനുള്ള തീരുമാനമെടുത്തത്. പനാമ പേപ്പര്‍ വിവാദത്തില്‍ സുപ്രിംകോടതി വിധി എതിരായതിനെ തുടര്‍ന്ന് 2017 ജൂലൈയിലാണ് ഷരീഫ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. വിവിധ ഘട്ടങ്ങളിലായി മൂന്ന് തവണ പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട് നവാസ് ഷെരീഫ്.

പനാമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സക എന്ന നിയമസ്ഥാപനം വഴി ഷെരീഫും മൂന്നു മക്കളും ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം. ഈ സംഭവത്തില്‍ ഷെരീഫിന്റെ മൂന്ന് മക്കള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം സുപ്രിംകോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

നവാസ് ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം. ലോകത്തെമ്പാടുമുള്ള നിരവധി പ്രമുഖരുടെ ബിനാമി ഇടപാടുകള്‍ പുറത്തുകൊണ്ടുവന്ന പാനമ രേഖകളിലുണ്ടായിരുന്ന പ്രധാനപേരുകളായിരുന്നു പാക് പ്രധാനമന്ത്രിയുടെ മക്കളുടേത്. എന്നാല്‍ തങ്ങളുടെ ഇടപാടുകള്‍ നിയമാനുസൃതമാണെന്നാണ് ഷെരീഫിന്റെയും കുടുംബത്തിന്റെയും വാദം.

ദേശവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന ഇമ്രാന്‍ ഖാന്റെ ഭീഷണിയെത്തുടര്‍ന്നായിരുന്നു സുപ്രിം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.മൊസാക് ഫൊന്‍സക വഴി ഇടപാടുകള്‍ നടത്തിയവരില്‍ ബഹുഭൂരിപക്ഷവും കള്ളപ്പണം വെളിപ്പിക്കുകയായിരുന്നെന്ന് കണ്ടെത്തിയിരുന്നു. ദേശവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷനേതാവ് ഇമ്രാന്‍ ഖാന്റെ ഭീഷണിയെത്തുടര്‍ന്നായിരുന്നു സുപ്രിം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

നവാസ് ഷെരീഫ് രാജിവച്ചതിനെ തുടര്‍ന്നാണ് നവാസ് ഷെരീഫ് മന്ത്രിസഭയില്‍ പെട്രോളിയം വകുപ്പ് കൈകാര്യം  ഷാഹിദ് ഖാന്‍ അബ്ബാസി പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

എംപിസ്ഥാനവും ഷെരീഫ് രാജിവച്ചിരുന്നു. ഇതിന് പകരം അദ്ദേഹത്തിന്റെ ഭാര്യ ലാഹോറില്‍ നിന്ന് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് പാര്‍ലമെന്റിലെത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top