ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്കാരത്തിന് പരിഗണിച്ചിരുന്നുവെന്ന് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍

അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ഇന്ദ്രന്‍സിന്റെ ആളൊരുക്കം മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഇന്ദ്രന്‍സ് അവസാനഘട്ടം വരെ മത്സരിക്കാനുണ്ടായിരുന്നുവെന്ന് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ പറയുന്നു. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിനെ പരിഗണിച്ചത്. ദേശീയ പുരസ്‌കാരം പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഇന്ദ്രന്‍സ് ഉണ്ടായിരുന്നുവെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.

ആളൊരുക്കം തീര്‍ത്ത അഭിനയത്തിലൂടെയായിരുന്നു ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഇന്ദ്രന്‍സ് നേടിയത്. വിസി അഭിലാഷ് ഒരുക്കിയ ചിത്രത്തില്‍ ഓട്ടന്‍തുള്ളല്‍ കലാകാരന്റെ വേഷത്തിലാണ് ഇന്ദ്രന്‍സ് എത്തിയത്.

ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പ്രഖ്യാപനത്തില്‍ മലയാള സിനിമ മികച്ച നേട്ടമാണ് കൊയ്തത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഭയാനകം, ടേക്ക് ഓഫ് എന്നിവ മൂന്ന് അവാര്‍ഡുകള്‍ വീതം നേടി. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജ് മികച്ച സംവിധായകനായി. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള അവാര്‍ഡും ജയരാജിന് തന്നെയാണ്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രവും മൂന്ന് അവാര്‍ഡുകള്‍ നേടി. ഈ ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തായി സജീവ് പാഴൂരും, സഹനടനായി ഫഹദ് ഫാസിലും തിളങ്ങിയപ്പോള്‍ മികച്ച ചിത്രമായതും തൊണ്ടിമുതലാണ്. നഴ്‌സുമാരുടെ ജീവിതം അവിസ്മരണീയമാക്കിയ പാര്‍വതിയ്ക്ക് ടേക്ക് ഓഫിലൂടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top