മികച്ച ഗായകന്‍ യേശുദാസ്, സംവിധായകന്‍ ജയരാജ്, സഹനടന്‍ ഫഹദ് ഫാസില്‍; പുരസ്കാര നിറവില്‍ മലയാളം

ദില്ലി: അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മലയാളത്തിന് കൈനിറയെ സമ്മാനങ്ങള്‍. മലയാളികള്‍ക്ക് വിഷുസമ്മാനമായി ഒരുപിടി ദേശീയ അവാര്‍ഡുകളാണ് ലഭിച്ചിരിക്കുന്നത്. അതില്‍ തൊണ്ടി മുതലും ദൃക്‌സാക്ഷിയും, ഭയാനകം എന്നീ ചിത്രങ്ങളാണ് പുരസ്‌കാരങ്ങള്‍ ഏറെയും വാരിക്കൂട്ടിയത്.

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഫഹദ് ഫാസില്‍ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരവും ദിലീഷ് പോത്തന്റെ ഈ ചിത്രത്തിനാണ്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിനായി തൂലിക ചലിപ്പിച്ച സജീവ് പാഴൂര്‍ സ്വന്തമാക്കി. മൂന്ന് പുരസ്‌കാരങ്ങളാണ് ചിത്രം കരസ്ഥമാക്കിയത്.

ജയരാജ് സംവിധാനം ചെയ്ത ഭയാനകവും അവാര്‍ഡുകള്‍ വാരിക്കൂട്ടി. മികച്ച സംവിധായകനുള്ള പുരസ്‌കാരം ഭയാനകത്തിലൂടെ ജയരാജ് സ്വന്തമാക്കി. മികച്ച അവലംബിത തിരക്കഥ (ജയരാജ്), മികച്ച ഛായാഗ്രഹണം (നിഖില്‍ എസ് പ്രവീണ്‍). എന്നീ അവാര്‍ഡുകളും ചിത്രം സ്വന്തമാക്കി.

വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിലെ പോയ് മറഞ്ഞ കാലം എന്ന ഗാനത്തിലൂടെയാണ് യേശുദാസിന് മികച്ച ഗായകനുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top