തൊണ്ടിമുതലും ദൃക്‌സാക്ഷിയും അസാധാരണ ചിത്രം, അംഗീകാരത്തിന്റെ നിറവില്‍ പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ്

ദില്ലി: അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ ഇത്തവണ മലയാളിയ്ക്കും മലയാളി പ്രേക്ഷകര്‍ക്കും അഭിമാനിക്കാം. റിയലിസത്തിന്റെ  ഏകജാലകത്തില്‍ മലയാളിയെ വിസ്മയിപ്പിച്ച ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും പ്രശംസ ഏറ്റുവാങ്ങിയാണ് മലയാളിയ്ക്ക് അഭിമാനമായിരിക്കുന്നത്. മികച്ച ചിത്രം, മികച്ച തിരക്കഥയടക്കം രണ്ട് പുരസ്‌കാരങ്ങള്‍ക്കാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും തെരഞ്ഞെടുത്തത്.

സംവിധായകന്‍ ശേഖര്‍ കപൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും അസാധാരണ ചിത്രമാണെന്നാണ് പുരസ്‌കാരം പ്രഖ്യാപിച്ച ശേഖര്‍ കപൂര്‍ പറഞ്ഞത്. അഭിനേതാക്കള്‍ നല്ല പ്രകടനം കാഴ്ചവെച്ചന്നും ചിത്രത്തിന്റെ തിരക്കഥ അതിഗംഭീരമാണെന്നുമായിരുന്നു ജൂറിയുടെ വിലയിരുത്തല്‍.

ഫഹദ് ഫാസില്‍ എന്ന മലയാളത്തിന് ഇന്നും പിടിതരാത്ത ഒരു നായകനെ വെച്ച് ദിലീഷ് പോത്തന്‍ എന്ന സംവിധായകന്‍ തൊണ്ടിമുതല്‍ അവതരിപ്പിച്ചപ്പോള്‍ അത് പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ സിനിമയുടെ കാഴ്ചയാണ് പ്രദാനം ചെയ്തത്. തികച്ചും റിയലിസ്റ്റിക് കാഴ്ചകളെ പരിചരിച്ച് മുന്നോട്ട് പോകുന്ന ചിത്രത്തിന്റെ കഥയും, അഭിനയം എന്ന് പറയാത്ത കഥാപാത്രങ്ങളുടെ പ്രകടനവും, മനോഹരമായ ദൃശ്യ പരിചരണവും തൊണ്ടിമുതലിന്റെ മാറ്റ് കൂട്ടികൊണ്ടേയിരുന്നു. പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ് എന്ന് പറഞ്ഞ് മലയാളികള്‍ വരവേറ്റിയ ചിത്രം ഇന്ന് അംഗീകാരത്തിന്റെ നിറവില്‍കൂടിയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top