കത്വയില്‍ പ്രതിഷേധം കത്തുന്നു, തങ്ങള്‍ക്ക് വധഭീഷണിയുണ്ടെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരി

ആസിഫ ബാനോ

ശ്രീനഗര്‍: കത്വയില്‍ എട്ടുവയസുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ ശേഷം മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്താകെമാനം പ്രതിഷേധം കത്തുന്നു. ഇന്നലെ അര്‍ദ്ധരാത്രിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ദില്ലിയില്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. കൊല്ലപ്പെട്ട ആസിഫയ്ക്ക് നീതി ലഭ്യമാക്കാനായി രാജ്യം ഒറ്റക്കെട്ടായി ശബ്ദം ഉയര്‍ത്തുകയാണ്.

അതിനിടെ തങ്ങളുടെ കുടുംബത്തിന് വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി ആസിഫയുടെ സഹോദരി രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ തങ്ങള്‍ക്ക് പലരില്‍ നിന്നും വധഭീഷണികള്‍ നേരിടേണ്ടി വന്നതായി ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സഹോദരി പറഞ്ഞു. പ്രതികള്‍ക്ക് വധശിക്ഷ ലഭ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.


ആസിഫയുടെ മൃതദേഹം സ്വന്തം നാട്ടില്‍ സംസ്‌കരിക്കാന്‍ പോലും തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് സഹോദരി വ്യക്തമാക്കി. അവളുടെ കൈകളും കാലുകളും എല്ലാം തകര്‍ന്ന നിലയിലായിരുന്നു. വളരെ ദൂരെയുള്ള ഒരു ശ്മശാനത്തിലാണ് അവളുടെ സംസ്‌കാരം നടത്തിയത്. അവളെ കൊലപ്പെടുത്തിയവര്‍ക്ക് തൂക്കുകയര്‍ കിട്ടണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇതുവരെയുള്ള അന്വേഷണത്തില്‍ ഞങ്ങള്‍ തൃപ്തരാണ്. എന്നാല്‍ കുറ്റവാളികള്‍ തൂക്കിലേറ്റപ്പെട്ടാല്‍ മാത്രമെ ഞങ്ങള്‍ക്ക് പൂര്‍ണമായ നീതി ലഭിക്കുകയുള്ളൂ. സഹോദരി പറഞ്ഞു.

അതേസമയം, 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പിക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന് കേന്ദ്രശിശുസംരക്ഷണവകുപ്പ് മന്ത്രി മനേക ഗാന്ധി അഭിപ്രായപ്പെട്ടു. ഇതിനായി പോക്‌സോ നിയമം ഭേദഗതി ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

കത്വയില്‍ നടന്നത് വളരെ മൃഗീയമായ സംഭവമാണെന്ന് കശ്മീര്‍ ഡിജിപി എസ്പി വൈദ് അഭിപ്രായപ്പെട്ടു. കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേകസംഘം വളരെ മികച്ച രീതിയിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. ബാക്കി കാര്യങ്ങള്‍ കോടതിയില്‍ കാണാം. ഡിജിപി അഭിപ്രായപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top