ഉന്നാവ ബലാത്സംഗക്കേസ്: ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു, അന്വേഷണം സിബിഐയ്ക്ക്

കുല്‍ദീപ് സിംഗ് സെന്‍ഗര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നവയില്‍ 18 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇരയുടെയും കുടുംബത്തിന്റെയും ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് എംഎല്‍എയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ബലാത്സംഗക്കേസിലും പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തിലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു.

വ്യാഴാഴ്ച രാവിലെയാണ് ഉന്നാവയിലെ മാഖി പൊലീസ് സ്റ്റേഷനില്‍ എംഎല്‍എയ്‌ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.

ബുധനാഴ്ച രാത്രി എംഎല്‍എ പൊലീസിന് മുന്‍പാകെ ഹാജരായെങ്കിലും കീഴടങ്ങാന്‍ തയ്യാറായില്ല. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷം അര്‍ദ്ധരാത്രിയോടെയാണ് കേസ് സിബിഐയ്ക്ക് വിടാന്‍ യോഗി സര്‍ക്കാര്‍ തീരുമാനിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയതിന് പിന്നാലെയായിരുന്നു ഈ തീരുമാനം. അതേസമയം, എംഎല്‍എയെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല.

നേരത്തെ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ സര്‍ക്കാര്‍ നിയമിച്ചത്.

ബുധനാഴ്ച അര്‍ദ്ധരാത്രിയില്‍ ലഖ്‌നൗവിലെ എസ്എസ്പിയുടെ ഓഫീസിന് വെളിയിലാണ് എംഎല്‍എ എത്തിയത്. എന്നാല്‍ കീഴടങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. താന്‍ ലഖ്‌നൗവില്‍ത്തന്നെ ഉണ്ടെന്നും ഒളിച്ചോടിയിട്ടില്ലെന്ന് മാധ്യമങ്ങളെ ബോധ്യപ്പെടുത്താനാണ് ഇവിടെ എത്തിയതെന്നും എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും തന്നെ കുടുക്കുകയായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, സംഭവത്തില്‍ തന്റെ ഭര്‍ത്താവ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്യുമെന്ന് എംഎല്‍എയുടെ ഭാര്യ സംഗീത സെന്‍ഗര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഭര്‍ത്താവിനെയും ഇരയായ പെണ്‍കുട്ടിയെയും നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നും സംഗീത ആവശ്യപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top