വരാപ്പുഴ വീടാക്രമണം: മുഖ്യസാക്ഷി പരമേശ്വരന്റെ മൊഴി തള്ളി മകന്‍, അച്ഛന്റെ മൊഴി സിപിഐഎം സമ്മര്‍ദം മൂലമെന്ന് ശരത്

കൊച്ചി: വരാപ്പുഴയില്‍ ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട് ശ്രീജിത്തും സഹോദരന്‍ സജിത്തും ആക്രമിക്കുന്നത് കണ്ടെന്ന മുഖ്യസാക്ഷിയുടെ മൊഴി തള്ളി മകന്‍ രംഗത്ത്. ആക്രമണത്തിന്റെ മുഖ്യസാക്ഷിയായി പൊലീസ് അവതരിപ്പിച്ച സഹദേവന്റെ മകനാണ് അച്ഛന്‍ അത്തരത്തിലൊരു മൊഴി നല്‍കാന്‍ സാധ്യതയില്ലെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. സിപിഐഎമ്മിന്റെ സമ്മര്‍ദം മൂലമാകാം അച്ഛന്‍ ശ്രീജിത്തിനും സജിത്തിനും എതിരെ മൊഴി നല്‍കിയതെന്നാണ് മകന്‍ ശരത് വ്യക്തമാക്കുന്നത്.

സംഭവത്തില്‍ പരമേശ്വരന്‍ തന്നെ രണ്ട് തവണ മൊഴി മാറ്റിപ്പറഞ്ഞിട്ടുണ്ട്. വാസുദേവന്റെ വീട് ശ്രീജിത്തും സജിത്തും ആക്രമിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നായിരുന്നു പരമേശ്വരന്‍ ആദ്യം പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഈ മൊഴി പിന്നീട് മാധ്യമങ്ങളിലൂടെ തിരുത്തി. താന്‍ സംഭവം കണ്ടിട്ടില്ലെന്ന് പരമേശ്വരന്‍ തന്നെ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. പിന്നീട് ഈ മൊഴിയും മാറ്റി തന്റെ ആദ്യ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നതായി പരമേശ്വരന്‍ പറഞ്ഞു.

ഇതിന് പിന്നാലെയാണ് അച്ഛന്റെ മൊഴി സിപിഐഎം സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരിക്കാമെന്ന് പറഞ്ഞ് മകന്‍ ശരത് രംഗത്തെത്തിയിരിക്കുന്നത്. അച്ഛന്‍ ഈ സംഭവത്തിന് സാക്ഷിയാകാന്‍ ഒരു സാധ്യതയുമില്ലെന്നാണ് ശരത് പറയുന്നത്. അച്ഛന്‍ ചുമട്ട് തൊഴിലാളിയാണ്. സംഭവദിവസം അച്ഛന്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോലും അച്ഛന്‍ വീട്ടില്‍ എത്തിയിരുന്നില്ല. അതിനാല്‍ത്തന്നെ സംഭവം അച്ഛന്‍ കാണാന്‍ യാതൊരു സാധ്യതയുമില്ല. സിപിഐഎമ്മിന്റെ ചില പ്രാദേശിക നേതാക്കള്‍ വീട്ടിലെത്തിയിരുന്നെന്നും അവരുടെ സമ്മര്‍ദ്ദത്തിലാകാം ശ്രീജിത്തിനും സജിത്തിനുമെതിരെ അച്ഛന്‍ മൊഴി നല്‍കിയിരിക്കുന്നതെന്നും ശരത് പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top