ഖാദി മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം

കാസര്‍ഗോഡ് : ഖാദി തൊഴിലാളികള്‍ക്ക് വേതനവും, ആനുകൂല്യങ്ങളും നല്‍കാത്തതിനാല്‍ തൊഴിലാളികള്‍ വിഷുക്കാലത്ത് പട്ടിണിയിലാകുമെന്നും സ്ലൈവര്‍ വിതരണം കാര്യക്ഷമമല്ലാത്തതിനാല്‍ നൂല്‍നൂല്‍പ്പ് കേന്ദ്രങ്ങള്‍ അടഞ്ഞ് കിടക്കുകയാണെന്നും നാഷണല്‍ ഖാദി ലേബര്‍ യൂണിയന്‍ (ഐഎന്‍ടിയുസി) കാഞ്ഞങ്ങാട് മേഖലാ കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. ഖാദി മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സമരരംഗത്ത് ഇറങ്ങുവാന്‍ കണ്‍വന്‍ഷന്‍ തൊഴിലാളികളെ ആഹ്വാനം ചെയ്തു.

മൈലാട്ടി സില്‍ക്ക് റീലിംഗ് യൂണിറ്റിലെ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണ ഉറപ്പു വരുത്തുകയും, നല്‍കുവാനുള്ള ആനുകൂല്യങ്ങള്‍ എത്രയും വേഗം നല്‍കണമെന്നും ആവശ്യപ്പെട്ടു.

അഡ്വ.ടി.കെ.സുധാകരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.ജി.ദേവ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.ഗംഗാധരന്‍, സെക്രട്ടറി ടി.വി.കുഞ്ഞിരാമന്‍, ഡി.വി.ബാലകൃഷ്ണന്‍, എം.കുഞ്ഞിക്കൃഷ്ണന്‍, പി.സി.തോമസ്, കെ.കുഞ്ഞിരാമന്‍ മാസ്റ്റര്‍, കെ.ചന്തുക്കുട്ടി, രവീന്ദ്രന്‍ കരിച്ചേരി, എം.ഭാനുമതി, ഇ.എന്‍.പത്മാവതി എന്നിവര്‍ പ്രസംഗിച്ചു.

മേഖലാ ഭാരവാഹികളായി കെ.ചന്തുക്കുട്ടി (പ്രസിഡന്റ്), എം.മാധവി, ടി.രാജി (വൈസ് പ്രസിഡന്റുമാര്‍), ഇ.എന്‍.പത്മാവതി, പുഷ്പാവതി തച്ചങ്ങാട്, ധന്യ കരിച്ചേരി (സെക്രട്ടറിമാര്‍), ടി.അംബിക (ട്രഷറര്‍) തെരഞ്ഞെടുത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top