സര്‍ക്കാരിന്റെ വിരുദ്ധ സമീപനം; തൃശൂരിലെ കര്‍ഷകര്‍ കോള്‍ കൃഷി ഉപേക്ഷിക്കുന്നു

കോള്‍നിലം

തൃശൂര്‍: അടുത്തവര്‍ഷം മുതല്‍ കോള്‍കൃഷി ചെയ്യില്ലെന്ന് തൃശൂരിലെ കര്‍ഷകര്‍. സര്‍ക്കാരിന്റെ സമീപനത്തില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ കൃഷി ഉപേക്ഷിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. കോള്‍ കര്‍ഷക സംഘത്തിന്റെ യോഗത്തിലാണ് തീരുമാനം.

തൃശൂരില്‍ ജില്ലയില്‍ മുപ്പതിനായിരം ഏക്കര്‍ കോള്‍നിലമാണുള്ളത്. നാല്‍പ്പതിനായിരത്തിലേറെ കോള്‍കര്‍ഷകരും ജില്ലയിലുണ്ട്. തങ്ങളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. തങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ഇടനിലക്കാര്‍ തട്ടിയെടുക്കുന്ന സാഹചര്യമാണ് സര്‍ക്കാരിന്റെ നയം മൂലമുണ്ടായിട്ടുള്ളതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും സര്‍ക്കാര്‍ സമീപനത്തില്‍ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് അടുത്തവര്‍ഷം മുതല്‍ കൃഷി ഉപേക്ഷിക്കുന്നതെന്ന് കോള്‍ കര്‍ഷക സംഘം വ്യക്തമാക്കി.

അക്രമസമരമാര്‍ഗമൊന്നും വശമില്ലാത്ത കര്‍ഷകര്‍ക്ക് ചെയ്യാനാകുന്ന അങ്ങേയറ്റത്തെ സമരരീതിയാണ് കൃഷി ഉപേക്ഷിക്കുകയെന്നത്. ഇതിനാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top