യോഗിയുടെ ഓഫീസിന് മുന്നില്‍ ആത്മഹത്യാ ശ്രമം നടത്തിയ യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചനിലയില്‍


ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ യുവതിയുടേയും കുടുംബത്തിന്റെയും ആത്മഹത്യാ ശ്രമം നടന്നത് ഇന്നലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരുടെ പിതാവിനെ പൊലീസ് കസ്റ്റഡിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിയമസഭയിലെ ഒരംഗം ബലാത്സംഗം ചെയ്തതായി പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിലാണ് യുവതി ആത്മഹത്യ ചെയ്യാനൊരുങ്ങിയത്.

പരാതി നല്‍കിയതിന്റെ പേരില്‍ ബിജെപിക്കാരെത്തി ഭീഷണിപ്പെടുത്തിയെന്നും തന്റെ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എങ്കിലും എംഎല്‍എയ്‌ക്കെതിരായ പരാതിയില്‍നിന്ന് പിന്മാറാന്‍ യുവതി ഒരുക്കമായിരുന്നില്ല. ഇവരുടെ പിതാവിന്റെ മരണം കൂടുതല്‍ ദുരൂഹമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.

മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെത്തിയ ഇവര്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താനാണ് ശ്രമിച്ചത്. തുടര്‍ന്ന് ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയെങ്കിലും അവിടെവച്ചും യുവതി ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചു. ഒരു വര്‍ഷമായി യോഗി ആദിത്യനാഥിന്റെ ഓഫീസില്‍ കയറിയിറങ്ങി മടുത്തു, തനിക്ക് നീതി ലഭിക്കുന്നില്ല എന്നും യുവതി അലറിക്കരഞ്ഞുകൊണ്ട് പറഞ്ഞു. ഇവിടെവച്ചുതന്നെയാണ് യുവതിയുടെ പിതാവും മരണപ്പെട്ടിരിക്കുന്നത്.

ഉന എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിനെതിരെയാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. സെന്‍ഗറും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതി നല്‍കിയിരിക്കുന്ന പരാതി. കേസ് ലഖ്‌നൗവിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മരണത്തേക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ പൊലീസ് തയാറായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസും ഇതേക്കുറിച്ച് മൗനം പാലിച്ചു. ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യമുയര്‍ത്തിക്കഴിഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top