special page

13 കോടി രൂപയുടെ സ്വര്‍ണാഭരണം അണിഞ്ഞ് സംസ്കാരം; ചത്ത് കിടന്നാലും ചമഞ്ഞ് കിടന്ന് ഒരു കോടീശ്വരന്‍

ചത്ത് കിടന്നാലും ചമഞ്ഞ് കിടക്കണം എന്നാണ് പഴമക്കാരുടെ വാദം. എന്നാല്‍ അത് അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാകുകയാണ് ഒരു രാജ്യത്ത്. തന്റെ മരണം കൊണ്ട് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ നേടുകയാണ് ഒരു യുവാവ്. ആഭരണ വിഭൂഷിതനായികൊണ്ടുള്ള തന്റെ മടക്കയാത്രയിലൂടെ ഷെറോണ്‍ സുഖ്ഡിയോ എന്ന യുവാവാണ് വ്യത്യസ്തനാകുന്നത്.

ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ എന്ന രാജ്യത്തെ കോടീശ്വരനാണ് ഷെറോണ്‍. ഭാര്യ സഹോദരന്റെ വീട്ടില്‍ സന്ദര്‍ശിച്ചതിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു ഷെറോണിനെ. ഷെറോണിന്റെ കൊലപാതകത്തെക്കാളുപരി അദ്ദേഹത്തിന്റെ സംസ്‌കാരമാണ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്.

33 വയസ്സുള്ള ഷെറോണ്‍ രണ്ട് കുട്ടികളുടെ പിതാവാണ്. എസ്റ്റേറ്റ് ഏജന്റും കാര്‍ ഡീലറുമായ ഷെറോണ്‍ ചെറു പ്രായത്തില്‍തന്നെ ഇട്ടുമൂടാനുള്ള പണം സമ്പാദിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മരണവും ആഡംബരമാക്കുകയായിരുന്നു ഭാര്യയും ബന്ധുക്കളും.

50 ലക്ഷം രൂപയുടെ ശവപ്പെട്ടിയാണ് സംസ്‌കാരത്തിന് ഉപയോഗിച്ചത്. ഷെറോണ്‍ അന്നേദിവസം ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഏകദേശം രണ്ട് മില്ല്യണ്‍ യുഎസ് ഡോളറോളം[13 കോടിരൂപ] വില വരുന്നവയാണ്. മുട്ടറ്റം നീളുന്ന മാലയും കൈവിരലുകളില്‍ നിറയെ മോതിരമടക്കം ധരിച്ചായിരുന്നു സംസ്‌കാരം.  ഒരു ജോഡി ടിംബര്‍ലാന്റ് ബൂട്ടുകള്‍  കാല്‍ചുവട്ടില്‍തന്നെ വെച്ചിരുന്നു.

ഷെറോണിന് ഏറെ പ്രിയപ്പെട്ട ബെന്റ്‌ലി കാറിലായിരുന്നു മൃതദേഹത്തിന്റെ അന്ത്യയാത്ര. കൊട്ടാര സദൃശ്യമായ വീട്ടില്‍ ഹിന്ദു ആചാര പ്രകാരമുള്ള കര്‍മ്മങ്ങള്‍ നടന്നു. തുടര്‍ന്ന് ഷെറോണിന് ഏറ്റവും പ്രിയപ്പെട്ട മോയെറ്റ് ഷാംപെയിന്‍ ഒഴിച്ചാണ് മൃതദേഹം ദഹിപ്പിച്ചത്.

വേള്‍ഡ് ബോസ് എന്നാണ് ഷെറോണ്‍ വ്യവസായികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. 15 ആഡംബര വാഹനങ്ങളും എട്ട് സ്പീഡ് ബോട്ടുകളും 10 ജെറ്റ് സ്‌കൈസും രണ്ട് ചെറിയ എയര്‍ ക്രാഫ്റ്റും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ വാഹന ശേഖരം. ഇവയ്ക്ക് പുറമെ ഏഴ് വീടുകളും ആറ് അപ്പാര്‍ട്ട്‌മെന്റുകളും ഷെറോണിന് സ്വന്തമായുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top