മെഡിക്കല്‍ ഓര്‍ഡിനന്‍സ്: സുപ്രിം കോടതി വിധി സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തിനേറ്റ തിരിച്ചടിയാണെന്ന് കുമ്മനം

കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: അഞ്ചരക്കണ്ടി, കരുണ മെഡിക്കല്‍ കോളെജുകളിലേക്കുള്ള പ്രവേശനം റദ്ദാക്കിയ സുപ്രിം കോടതി വിധി സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തിനേറ്റ തിരിച്ചടിയാണെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളെജുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്. കോളെജിന് അനുമതി കിട്ടിയതിന് പിന്നില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. അനുമതി കിട്ടാന്‍ യാതൊരു അര്‍ഹതയുമില്ലാത്ത കോളെജിന് അനുമതി കിട്ടിയതിന് പിന്നില്‍ കഴിഞ്ഞ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിലെ ആരോഗ്യമന്ത്രി പികെ ശ്രീമതിയുടെ ഇടപെടലാണെന്നും കുമ്മനം പറഞ്ഞു.

ഏഷ്യയിലെ ഏറ്റവും വലിയ കറുപ്പത്തോട്ടം വെട്ടിത്തെളിച്ചാണ് മെഡിക്കല്‍ കോളെജ് പണിതത്. ഇതിനെതിരെ വിജിലന്‍സ് കേസ് നിലവിലുള്ളപ്പോഴാണ് റവന്യു തര്‍ക്കമുള്ള ഭൂമിയില്‍ കോളെജ് പണിയാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. അന്നത്തെ ആരോഗ്യ മന്ത്രി പികെ ശ്രീമതിയുടെ ഇടപെടലാണ് കോളെജിന് അനുമതി കിട്ടാന്‍ കാരണമായത്. അന്ന് കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സര്‍ക്കാരും ഇതിന് കൂട്ടു നിന്നിട്ടുണ്ടെന്നു അദ്ദേഹം ആരോപിച്ചു. അനുമതിക്കായി സംസ്ഥാന സര്‍ക്കാര്‍ മുഖാന്തരം കേന്ദ്രത്തിന് വ്യാജ രേഖയാണ് നല്‍കിയത്. ഇത് സംബന്ധിച്ച രേഖകള്‍ വിഎസ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് ദിവസങ്ങള്‍ മുന്‍പ് കത്തിച്ചു കളയുകയാണ് ഉണ്ടായത്. കത്തിച്ചു കളയുന്ന രേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കണമെന്ന നിയമമുള്ളപ്പോഴാണ് സര്‍ക്കാര്‍ ഈ ക്രമക്കേട് നടത്തിയത്. ഇത് വ്യാജരേഖാ നിര്‍മ്മാണം പുറത്തറിയാതിരിക്കാനാണെന്നും കുമ്മനം പറഞ്ഞു.

പിണറായി വിജയന്റെ സ്വന്തം മണ്ഡലത്തിലാണ് ഈ മെഡിക്കല്‍ കോളെജ് ഉള്ളത്. ഇതിന് പിന്നിലെ അഴിമതിയില്‍ സിപിഐഎമ്മിന്റെ ഉന്നത നേതൃത്വത്തിന് പങ്കുണ്ട്. അതിനാല്‍ കോളെജിന് അനുമതി നല്‍കാനുണ്ടായ സാഹചര്യത്തെപ്പറ്റി ഉന്നതതല അന്വേഷണം നടത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനെ സമീപിക്കും എന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top