അയോധ്യ കേസ്: സുപ്രിം കോടതിയില്‍ ഇന്ന് വാദം തുടരും

പ്രതീകാത്മക ചിത്രം

ദില്ലി: അയോധ്യ തർക്കഭൂമിക്കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. അയോധ്യയിലെ 2.27 ഏക്കർസ്ഥലം ഹിന്ദുക്കൾക്കും മുസ്‌ലിങ്ങള്‍ക്കും നിർമോഹി അഖാഡക്കുമായി മൂന്നായി വിഭജിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് 2010 സെപ്തംബർ 30 ന് വിധിച്ചിരുന്നു. ഈ വിധിക്കെതിരെ സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ, ഹിന്ദുമഹാസഭ, ജമിയത്തുൽ ഉലമ ഹിന്ദ്,എന്നീ സംഘടനകളും ഹാഷിം അൻസാരി എന്ന വ്യക്തിയും സമർപ്പിച്ച ഹർജികളാണ് സുപ്രിം കോടതി  ഇന്ന് പരിഗണിക്കുന്നത്.

ഇസ്‌ലാം മത വിശ്വാസിക്ക് ആരാധനയ്ക്ക് പള്ളി അനിവാര്യം അല്ല എന്ന് ഇസ്മായില്‍ ഫാറൂഖി കേസിലെ വിധി സുപ്രിം കോടതി ഭേദഗതി ചെയ്യണം എന്ന് മുസ്‌ലിം സംഘടനകള്‍ക്ക് വേണ്ടി ഹാജരായ  സീനിയര്‍ അഭിഭാഷകന്‍ രാജീവ് ധവാന്‍ മാര്‍ച്ച് 23ന് കേസ് പരിഗണിച്ചപ്പോള്‍  കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

1994 ലെ ഇസ്മായില്‍ ഫാറൂഖി കേസിലെ സുപ്രിം കോടതി വിധി പ്രകാരം മുസ്‌ലിം പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് തടസ്സം ഇല്ല എന്നും രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ വിധി മുസ്‌ലിങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഹനിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ ഇസ്മായില്‍ ഫാറൂഖി കേസിലെ അഞ്ചംഗ വിധി ഏഴംഗ ബെഞ്ച് പുനഃപരിശോധിക്കണം എന്നും ധവാന്‍ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യത്തില്‍ തീര്‍പ്പായതിന് ശേഷമേ അയോധ്യയിലെ തര്‍ക്ക ഭൂമി സംബന്ധിച്ച കേസില്‍ സുപ്രിം കോടതി വാദം കേള്‍ക്കാവൂ എന്നും ധവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ 1994 ലെ ഇസ്മായില്‍ ഫാറൂഖി കേസിനെ സംബന്ധിച്ച് ധവാന്റെ വാദത്തിന് ശേഷം വിഷയം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമോ എന്ന് തീരുമാനിക്കാം എന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top