കോഴിക്കോട് വീണ്ടും വന്‍ കഞ്ചാവ് വേട്ട; 10 കിലോയിലധികം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

അനസ്, നിസാമുദ്ദീന്‍

കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ വീണ്ടും പൊലീസിന്റെ കഞ്ചാവ് വേട്ട. മലബാറിലെ വിവിധ ജില്ലകളിലെ ചില്ലറ വില്പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നവരും നിരവധി മോഷണക്കേസുകളില്‍ പ്രതികളുമായ രണ്ട് യുവാക്കളെ 10 കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം കോട്ടക്കല്‍ പുതുക്കിടി വീട്ടില്‍ നിസാമുദ്ദീന്‍(29), മലപ്പുറം വാഴക്കാട് മുണ്ടുമുഴി മുണ്ടമോള്‍ വീട്ടില്‍ അനസ്(28) എന്നിവരാണ് പിടിയിലായത്. നിസാമുദ്ദീനെ ഏഴ് കിലോയിലധികം കഞ്ചാവുമായി മാവൂര്‍ പോലീസും അനസിനെ മൂന്ന് കിലോയിലധികം കഞ്ചാവുമായി കോഴിക്കോട് ടൗണ്‍ പൊലീസുമാണ് അറസ്റ്റ് ചെയ്തത്.

നേരത്തെ മോഷണം, മാല പൊട്ടിക്കല്‍, ഭവനഭേദനം തുടങ്ങിയ കേസുകളില്‍ പ്രതികളായ നിസാമുദ്ദീനും അനസും ഇവരുടെ ചില സുഹൃത്തുക്കളും ചേര്‍ന്ന് നിയമവിരുദ്ധമായി കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന് കോഴിക്കോട് നോര്‍ത്ത് അസി കമ്മീഷണര്‍ പൃഥ്വിരാജന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് പ്രത്യേകസംഘം രൂപീകരിച്ച് പ്രതികളെ പിടികൂടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി മഹേഷ് കുമാര്‍ കാളിരാജിന്റെ നിര്‍ദേശ പ്രകാരം കോഴിക്കോട് നാര്‍ക്കോട്ടിക് സെല്‍ അസി കമ്മീഷണര്‍ എജെ ബാബുവിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്‌ക്വാഡിലെയും നോര്‍ത്ത് അസി. കമ്മീഷണര്‍ പൃഥ്വിരാജന്റെയും നേതൃത്വത്തിലുള്ള നോര്‍ത്ത് ക്രൈം സ്‌ക്വാഡിലെയും അംഗങ്ങളുള്‍പ്പെട്ടതായിരുന്നു പ്രത്യേക സംഘം.

കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രതികളുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. ആന്ധ്രയില്‍ നിന്നുമാണ് ഇവര്‍ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നതെന്നും വാടകയ്‌ക്കെടുത്ത ലക്ഷ്വറി വാഹനങ്ങളുപയോഗിച്ചും ട്രെയിന്‍ മാര്‍ഗവുമാണ് ഇവര്‍ കഞ്ചാവ് കേരളത്തിലേക്കെത്തിക്കുന്നതെന്നു മനസ്സിലാക്കിയ സ്‌പെഷ്യല്‍ സ്‌ക്വാഡ് റെയില്‍വേ സ്‌റ്റേഷനുകള്‍, ദീര്‍ഘദൂര സ്വകാര്യ ബസ് സര്‍വീസുകള്‍, ചെക് പോസ്റ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചും ലക്ഷ്വറി വാഹനങ്ങള്‍ വാടകക്ക് നല്‍കുന്നവരെ കുറിച്ചും നടത്തിയ അന്വേഷണത്തില്‍ നിസാമുദ്ദീന്‍ ഒരു മഹീന്ദ്ര സൈലോ എക്‌സ്‌യുവി വാഹനം വാടകക്ക് എടുത്തതായി വിവരം ലഭിച്ചിരുന്നു. ഇന്റര്‍നെറ്റ് ഫോണ്‍ ഉപയോഗിച്ചായിരുന്നു പ്രതികളും ആവശ്യക്കാരും തമ്മില്‍ ആശയവിനിമയം നടത്തിയിരുന്നത്.

പൊലീസ് പട്രോളിങ്ങിനിടയില്‍ മാവൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഊര്‍ക്കടവില്‍ നിന്നും ലക്ഷ്വറി വാഹനത്തില്‍ വില്‍പ്പനക്കായി കൊണ്ട് വന്ന ഏഴു കിലോ കഞ്ചാവുമായി നിസാമുദ്ധീനെ മാവൂര്‍ എസ്‌ഐ മുരളിയുടെ നേതൃത്വത്തില്‍ മാവൂര്‍ പോലീസും വില്‍പ്പനക്കായി കൊണ്ടുവന്ന മൂ കിലോ കഞ്ചാവുമായി അനസിനെ കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നും കോഴിക്കോട് ടൗണ്‍ എസ്‌ഐ ഗോപകുമാറിന്റെ നേതൃത്വത്തില്‍ ടൗണ്‍ പോലീസുമാണ് പിടികൂടിയത്.

അറസ്റ്റിലായ നിസാമുദ്ദീന്റെ പേരില്‍ കേരളത്തിലും കര്‍ണാടകയിലുമായി മോഷണം, പിടിച്ചുപറി, ഭവനഭേദനം എന്നിവക്ക് നിരവധി കേസുകള്‍ നിലവിലുണ്ട്. നിസാമുദ്ദീനെ ചോദ്യം ചെയ്തതില്‍ നിന്നും മലപ്പുറം ടൗണിലെ ലൂയിസ് ഫിലിപ്പ് ഷോറൂമില്‍ നിന്നും അഞ്ച് ലക്ഷത്തോളം വില വരുന്ന വസ്ത്രങ്ങള്‍ മോഷ്ടിച്ചതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top