കേരള സര്‍ക്കാരിന് മറ്റെന്ത് കുറവുണ്ടെന്ന് പറഞ്ഞാലും കരുണയില്ലെന്ന് ആരും പറയില്ല; പരിഹാസവുമായി ജയശങ്കര്‍

എ ജയശങ്കര്‍ (ഫയല്‍ ചിത്രം)

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളിലെ നിയമവിരുദ്ധ മെഡിക്കല്‍ പ്രവേശനങ്ങള്‍ അംഗീകരിക്കാനുള്ള ബില്‍ പാസാക്കിയ സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ജയശങ്കര്‍ രംഗത്ത്. കേരള സര്‍ക്കാരിനും നിയമസഭയ്ക്കും മറ്റെന്തു കുറവുണ്ടെന്നു പറഞ്ഞാലും, കരുണയില്ല എന്ന് ആരും പറയില്ലെന്നാണ് ജയശങ്കറിന്റെ പരിഹാസം.

കണ്ണൂര്‍ അഞ്ചരക്കണ്ടി കരുണാ മെഡിക്കല്‍ കോളെജിനെയും വിദ്യാര്‍ത്ഥികളെയും കരകയറ്റാന്‍ കാരുണ്യപൂര്‍വം പാസാക്കിയ നിയമം തന്നെ ഉത്തമ ഉദാഹരണമാണെന്നും ജയശങ്കര്‍ പറയുന്നു. ഇടതുപക്ഷ സര്‍ക്കാരിന്റെ ജനക്ഷേമ നടപടികളെ മൊത്തമായി എതിര്‍ക്കുന്നവരാണ് പ്രതിപക്ഷ അംഗങ്ങള്‍. ഇത്തവണ അതുണ്ടായില്ല. കോണ്‍ഗ്രസും ലീഗും ബിജെപിയും കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പും പിസി ജോര്‍ജും വരെ ബില്ലിനെ അനുകൂലിച്ചെന്നും ജയശങ്കര്‍ പറയുന്നു.

എംഎല്‍എമാരുടെ ശമ്പളവും അലവന്‍സുകളും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മാത്രമേ ഇത്രയും ഐക്യം ഭരണ പ്രതിപക്ഷ കക്ഷികള്‍ പ്രകടിപ്പിക്കാറുളളൂ. യുഡിഎഫ് സര്‍ക്കാരാണ് ഇതുപോലെ കാരുണ്യം കാണിച്ചതെങ്കില്‍ കേരളം കത്തുമായിരുന്നു എന്നു കരുതുന്നവരുണ്ട്. അതില്‍ കുറച്ചു കാര്യവുമുണ്ട്. ഏതായാലും ഇപ്പോള്‍ എല്‍ഡിഎഫ് ഭരണമാണ്. കാരുണ്യ വാരിധികളാണ് മുഖ്യനും ആരോഗ്യ മന്ത്രിണിയും. നല്ലകാര്യം. ജയശങ്കര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം, 

അന്നത്തിനും പഞ്ഞമില്ല
സ്വർണത്തിനും പഞ്ഞമില്ല
മണ്ണിതിൽ കരുണയ്ക്കാണു പഞ്ഞം.. (പി ഭാസ്‌കരൻ എഴുതിയ പഴയൊരു സിനിമാ ഗാനം)

കേരള സർക്കാരിനും നിയമസഭയ്ക്കും മറ്റെന്തു കുറവുണ്ടെന്നു പറഞ്ഞാലും, കരുണയില്ല എന്ന് ആരും പറയില്ല. കണ്ണൂർ അഞ്ചരക്കണ്ടി കരുണാ മെഡിക്കൽ കോളേജിനെയും വിദ്യാർത്ഥികളെയും കരകയറ്റാൻ കാരുണ്യപൂർവം പാസാക്കിയ നിയമം തന്നെ ഉത്തമ ദൃഷ്ടാന്തം.

ഇതേ വിഷയത്തിൽ നേരത്തെ പുറപ്പെടുവിച്ച ഓർഡിനൻസ് സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഇക്കഴിഞ്ഞ ദിവസം കോടതി സർക്കാരിനെ കഠിനമായി വിമർശിച്ചതുമാണ്. അതൊന്നും വകവെക്കാതെയാണ് ആരോഗ്യ മന്ത്രി നിയമസഭയിൽ ബില്ല് അവതരിപ്പിച്ചത്.

ഇടതുപക്ഷ സർക്കാരിൻ്റെ ജനക്ഷേമ നടപടികളെ മൊത്തമായി എതിർക്കുന്നവരാണ് പ്രതിപക്ഷ അംഗങ്ങൾ. ഇത്തവണ അതുണ്ടായില്ല. കോൺഗ്രസും ലീഗും ബിജെപിയും കേരള കോൺഗ്രസ് മാണിഗ്രൂപ്പും പിസി ജോർജും വരെ ബില്ലിനെ അനുകൂലിച്ചു. വിടി ബലറാം ചില തടസവാദങ്ങൾ ഉന്നയിച്ചു എങ്കിലും രമേശ്ജി കണ്ണുരുട്ടിയപ്പോൾ അടങ്ങി. അങ്ങനെ കാരുണ്യ സഹായ ബില്ല് സർവ്വസമ്മതമായി പാസായി.

എംഎൽഎമാരുടെ ശമ്പളവും അലവൻസുകളും വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മാത്രമേ ഇത്രയും ഐക്യം ഭരണ പ്രതിപക്ഷ കക്ഷികൾ പ്രകടിപ്പിക്കാറുളളൂ.

യുഡിഎഫ് സർക്കാരാണ് ഇതുപോലെ കാരുണ്യം കാണിച്ചതെങ്കിൽ കേരളം കത്തുമായിരുന്നു എന്നു കരുതുന്നവരുണ്ട്. അതിൽ കുറച്ചു കാര്യവുമുണ്ട്. ഏതായാലും ഇപ്പോൾ എൽഡിഎഫ് ഭരണമാണ്. കാരുണ്യ വാരിധികളാണ് മുഖ്യനും ആരോഗ്യ മന്ത്രിണിയും. നല്ലകാര്യം.

കേരള സർക്കാരിനെയും നിയമസഭയെയും പടച്ചതമ്പുരാൻ അനുഗ്രഹിക്കും. സുപ്രീം കോടതി ജഡ്ജിമാർക്കും സദ്ബുദ്ധി തോന്നിക്കട്ടെ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top