‘സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിന് അടിമപ്പെട്ടവരുടെ ജാതിവെറി എത്രമേല്‍ ഹിംസാത്മകമാണെന്ന് ഓരോ ദിവസവും പ്രകടമാവുകയാണ്’; ആര്‍എസ്എസ് പ്രവര്‍ത്തകയ്ക്ക് മറുപടിയുമായി തോമസ് ഐസക്ക്

തോമസ് ഐസക്ക്

തിരുവനന്തപുരം: അഞ്ച് ശൂദ്രന്മാരെ കൊല്ലുന്നത് അശ്വമേദ യാഗത്തിന് തുല്യമായ പുണ്യകര്‍മ്മമാണെന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ച ആര്‍എസ്എസ് പ്രവര്‍ത്തക സഞ്ജീവനി മിശ്രയ്ക്ക് മറപടിയുമായി ധനമന്ത്രി തോമസ് ഐസക്ക്. ഫെയ്‌സ്ബുക്കിലൂടെയാണ് ദുര്‍ഗാ വാഹിനി എന്ന ആര്‍എസ്എസ് വനിതാ സംഘടനയുടെ അംഗം കൂടീയായ സഞ്ജീവനിക്ക് ഐസക്ക് മറുപടി നല്‍കിയത്.

സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ വിഷബാധയേറ്റ തലച്ചോറുകള്‍ എത്രമാത്രം അപകടകാരികളായാണ് മാറുന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രഹസ്യമായി ഇത്തരം ആക്രോശങ്ങള്‍ മുഴക്കാന്‍ ഒരു നിയമവും നീതിവ്യവസ്ഥയും അവര്‍ക്കു പ്രതിബന്ധമല്ല. തികച്ചും സ്വാഭാവികമായാണ് ജാതിവെറിയും വിദ്വേഷവും പുലമ്പുന്നതെന്നും ഐസക്ക് പറഞ്ഞു.

സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിന് അടിമപ്പെട്ടവരുടെ ജാതിവെറി എത്രമേല്‍ ഹിംസാത്മകമാണെന്ന് ഓരോ ദിവസവും പ്രകടമാവുകയാണ്. സഞ്ജീവനി മിശ്രയെപ്പോലുള്ളവരുടെ ഈ സവര്‍ണ ബോധമാണ് ഇക്കഴിഞ്ഞ ദിവസം ദളിത് പ്രക്ഷോഭത്തിനു നേരെ തോക്കേന്തിയതും നിറയൊഴിച്ചതും ദളിതരെ കൊന്നതും. നമ്പൂതിരി മുതല്‍ നായാടി വരെയുള്ളവരെ കാവി പതാകയ്ക്കു കീഴില്‍ ഒരുമിപ്പിക്കാന്‍ നടക്കുന്നവര്‍ കണ്ണടയ്ക്കുന്നത് സഞ്ജീവനി മിശ്രയെപ്പോലുള്ള യാഥാര്‍ത്ഥ്യത്തിനെതിരെയാണെന്നും തോമസ് ഐസക്ക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റ പൂര്‍ണ്ണരൂപം

അഞ്ചു ശൂദ്രന്മാരെ കൊല്ലുന്നത് ഒരു അശ്വമേധയാഗത്തിനു തുല്യമായ പുണ്യകർമ്മമാണത്രേ. ദുർഗാ വാഹിനി എന്ന ആർഎസ്എസ് വനിതാ സംഘടനയുടെ അംഗമായ സഞ്ജീവനി മിശ്ര ഫേസ് ബുക്കിൽ കുറിച്ച വരികളാണ്. വിമർശനവും പ്രതിഷേധവും രൂക്ഷമായപ്പോൾ അവർ പോസ്റ്റു പിൻവലിച്ചു.

സംഘപരിവാർ പ്രത്യയശാസ്ത്രത്തിന്റെ വിഷബാധയേറ്റ തലച്ചോറുകൾ എത്രമാത്രം അപകടകാരികളായാണ് മാറുന്നത്. പരസ്യമായി ഇത്തരം ആക്രോശങ്ങൾ മുഴക്കാൻ ഒരു നിയമവും നീതിവ്യവസ്ഥയും അവർക്കു പ്രതിബന്ധമല്ല. തികച്ചും സ്വാഭാവികമായാണ് ജാതിവെറിയും വിദ്വേഷവും പുലമ്പുന്നത്.

വരുടെ ഫേസ് ബുക്ക് പേജിലെ മറ്റൊരു ചർച്ച ശ്രദ്ധയിൽപ്പെടുത്താം. ബുദ്ധന്റെയും അംബേദ്കറുടെയും ചിത്രങ്ങളിൽ വിളക്കു വെയ്ക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം ഷെയർ ചെയ്ത് അവർ ചോദിച്ചത് ഇങ്ങനെയാണ് – इस शुद्र लड़की को आप लोग दिखिए ये अपने भीम को बुद्ध से बड़ा बना रही है।.

ബുദ്ധന്റെ ചിത്രത്തിനേക്കാൾ വലുതായിപ്പോയി അംബേദ്കറുടെ ചിത്രം. അതാണ് അപരാധം. അതിനാണ് ചിത്രത്തിലെ പെൺകുട്ടിയെ ശുദ്രയെന്ന് അധിക്ഷേപിക്കുന്നത്. ഇത്തരത്തിലുള്ള അഞ്ചുപേരെ കൊന്നാൽ ഒരശ്വമേധം നടത്തുന്നതിന്റെ പുണ്യം കിട്ടുമെന്നാണ് ആർഎസ്എസുകാരി പ്രചരിപ്പിക്കുന്നത്.

സംഘപരിവാർ പ്രത്യയശാസ്ത്രത്തിന് അടിമപ്പെട്ടവരുടെ ജാതിവെറി എത്രമേൽ ഹിംസാത്മകമാണെന്ന് ഓരോ ദിവസവും പ്രകടമാവുകയാണ്. സഞ്ജീവനി മിശ്രയെപ്പോലുള്ളവരുടെ ഈ സവർണ ബോധമാണ് ഇക്കഴിഞ്ഞ ദിവസം ദളിത് പ്രക്ഷോഭത്തിനു നേരെ തോക്കേന്തിയതും നിറയൊഴിച്ചതും ദളിതരെ കൊന്നതും.

നമ്പൂതിരി മുതൽ നായാടി വരെയുള്ളവരെ കാവി പതാകയ്ക്കു കീഴിൽ ഒരുമിപ്പിക്കാൻ നടക്കുന്നവർ കണ്ണടയ്ക്കുന്നത് സഞ്ജീവനി മിശ്രയെപ്പോലുള്ള യാഥാർത്ഥ്യത്തിനെതിരെയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top