റേഡിയോ ജോക്കിയുടെ കൊലപാതകം: മുഖ്യപ്രതി വിദേശത്തേക്ക് കടന്നു, സാലിഹ് കൊലയാളിയായത് സത്താര്‍ ഭായിയുടെ വേദന കണ്ട്

കൊല്ലപ്പെട്ട രാജേഷ്

തിരുവനന്തപുരം: ആറ്റിങ്ങള്‍ മടവൂരില്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നു. കേസില്‍ ഇതുവരെയും ആരെയും കസ്റ്റഡിയിലെടുക്കാനോ അറസ്റ്റ് രേഖപ്പെടുത്താനൊ പൊലീസിന് സാധിച്ചിട്ടില്ല. അതേസമയം, കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചു.

രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഖത്തറിലുള്ള മലയാളി വ്യവസായി സത്താറാണെന്ന് വ്യക്തമായിട്ടുണ്ട്. തന്റെ ഭാര്യയുമായി രാജേഷിനുള്ള ബന്ധമാണ് ക്വട്ടേഷനിലേക്ക് നയിച്ചത്. രാജേഷുമായുള്ള ബന്ധം ആരംഭിച്ചതിന് ശേഷം യുവതിയും ഭര്‍ത്താവും പിരിഞ്ഞ് കഴിയുകയാണ്.

കൊല്ലം ഓച്ചിറ സ്വദേശി സാലിഹ് ബിന്‍ ജലാലാണ് കേസിലെ മുഖ്യപ്രതി. ഇയാളും സത്താറും തമ്മില്‍ വര്‍ഷങ്ങളുടെ ബന്ധമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്വട്ടേഷന്‍ സാലിഹിനെ ഏല്‍പ്പിച്ചത്. കുടുംബജീവിതം തകര്‍ത്ത രാജേഷിനെ വകവരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് സാലിഹിനെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചത്. സത്താറിന്റെ ജിംനേഷ്യത്തിലെ ട്രെയിനറാണ് സാലിഹ്. നാട്ടില്‍ ജിംനേഷ്യത്തില്‍ ട്രെയിനറായ സാലിഹ് നാല് വര്‍ഷം മുന്‍പാണ് ഖത്തറിലെത്തി സത്താറിന്റെ ജിംനേഷ്യത്തില്‍ ട്രെയിനറായത്.

അലിഭായ് എന്ന സാലിഹ്

പൊലീസിനെ പോലും ഞെട്ടിപ്പിച്ച തിരക്കഥ തയ്യാറാക്കിയാണ് സാലിഹ് ഒറ്റദിവസം കൊണ്ട് കൊലനടത്തി മൂന്നാം ദിവസം നാടുവിട്ടത്. രാജേഷ് കൊല്ലപ്പെടുന്നതിന്റെ തലേദിവസമാണ് അലിഭായ് എന്നറിയപ്പെടുന്ന സാലിഹ് ഖത്തറില്‍ നിന്ന് കേരളത്തിലെത്തിയത്. സഹായത്തിനായി കായംകുളം സ്വദേശിയായ അപ്പുണ്ണിയെ അലിഭായ് തന്നെ കൂടെക്കൂട്ടി. ഇവരുള്‍പ്പെടെ മൂന്ന് പേര്‍ ചേര്‍ന്നാണ് കൊലനടത്തിയത്. കൊലയ്ക്ക് ശേഷം രാത്രിയില്‍ത്തന്നെ മൂവരും കായംകുളത്തെത്തി ആയുധം ഉപേക്ഷിച്ചു. പുലര്‍ച്ചെ സാലിഹ് ഒറ്റയ്ക്ക് തൃശൂരിലെത്തി ബംഗളുരുവിലും അവിടെ നിന്ന് ദില്ലി വഴി കാഠ്മണ്ഡുവിലുമെത്തി. അവിടെ നിന്ന് ഖത്തറിലേക്ക് കടന്നതായാണ് വിവരം.

മറ്റ് രണ്ട് പേര്‍ നാട്ടില്‍ത്തന്നെ ഒളിവില്‍ കഴിയുകയാണെന്നാണ് പൊലീസ് നിഗമനം. സാലിഹിനെയും സത്താറിനെയും നാട്ടിലെത്തിക്കാന്‍ പൊലീസ് പുറത്തിറക്കിയ സര്‍ക്കുലര്‍ ഖത്തര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

അതേസമയം, അപ്പുണ്ണിയുടെയും അലിഭായിയുടെയും വീടുകളില്‍ കിളിമാനൂര്‍ പൊലീസ് തെരച്ചില്‍ നടത്തി. അപ്പുണ്ണിയുടെ കായംകുളം ദേശത്തെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലുമാണ് പൊലീസ് തെരച്ചില്‍ നടത്തിയത്. അലിഭായിയുടെ ഓച്ചറയിലെ വീട്ടിലും പൊലീസെത്തി.

സത്താറിനെ ജ്യേഷ്ഠസഹോദരനെ പോലെയായിരുന്നു സാലിഹ് കണ്ടിരുന്നത്. സത്താറിന്റെ ദാമ്പത്യജീവിതം തകര്‍ത്തതില്‍ രാജേഷിനോട് സാലിഹിനും സുഹൃത്തുക്കള്‍ക്കും കടുത്ത പകയുണ്ടായിരുന്നു. രാജേഷുമായുള്ള
ബന്ധം അവസാനിപ്പിക്കാന്‍ സത്താര്‍ ഭാര്യയോട് പല തവണ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. ഇതിനെച്ചൊല്ലി നിരന്തരം വഴക്കായതോടെ സത്താറുമായുള്ള ബന്ധം പിരിയാന്‍ യുവതി തീരുമാനിച്ചു. ഇത് സത്താറിനെ തളര്‍ത്തി. തുടര്‍ന്ന് സാലിഹും സുഹൃത്തുക്കളും ഖത്തറില്‍ വെച്ച് പലതവണ രാജേഷിന് നേരെ വധഭീഷണി ഉയര്‍ത്തി. തുടര്‍ന്നാണ് രണ്ട് വര്‍ഷം മുന്‍പ് രാജേഷ് ഖത്തറിലെ ജോലി മതിയാക്കി നാട്ടിലെത്തിയത്. നാട്ടിലെത്തിയിട്ടും യുവതിയുമായുള്ള ബന്ധം തുടര്‍ന്നു. ഇതിലുള്ള പകയാണ് രാജേഷിനെ വകവരുത്തുന്നതിലേക്ക് സാലിഹിനെയും സുഹൃത്തുക്കളെയും നയിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top