പ്രതിഷേധം തുടരുന്നു: രാജസ്ഥാനില്‍ ദലിത് എംഎല്‍എയുടെ വീട് അഗ്നിക്കിരയാക്കി

പ്രതീകാത്മക ചിത്രം

ജയ്പൂര്‍: കഴിഞ്ഞ ദിവസം വിവിധ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ രാജ്യത്ത് തുടരുന്നു. ഏറ്റവും ഒടുവിലായി രാജസ്ഥാനില്‍ ദലിത് എംഎല്‍എയുടെ വീട് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. ബിജെപി നിയമസഭാംഗവും ദലിത് എംഎല്‍എയുമായ രാജ്കുമാരി ജാദവിന്റെ വീടാണ് അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം തീവെച്ചത്.

രാജസ്ഥാനിലെ കരോളി ജില്ലയിലാണ് സംഭവം. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ഭരോസിലാല്‍ ജാദവിന്റെ വീടിനു നേരയും ആക്രമണം ഉണ്ടായി. സ്ഥലത്ത് പൊലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ പീഡനനിരോധന നിയമത്തിന്റെ ദുരുപയോഗം തടയാന്‍ സുപ്രിം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതില്‍ പ്രതിഷേധിച്ചാണ് ദലിത് സംഘടനകള്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളിലും പൊലീസ് വെടിവെയ്പിലും 11 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.

പ്രതിഷേധക്കാരോട് സംയമനം പാലിക്കണമെന്നും, സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നിട്ടിറങ്ങണമെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ലോക്‌സഭയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ നിയമപ്രകാരമുള്ള പരാതികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സ്വകാര്യ വ്യക്തികളെയും ഉടന്‍ അറസ്റ്റ് ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സുപ്രിം കോടതി മാര്‍ച്ച് 21 ന് വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top