‘കമ്മാര സംഭവം’ ഓഡിയോ റിലീസ് താര സമ്പന്നം; ലാല്‍ ജോസ് നിവിന്‍ പോളിക്ക് നല്‍കിക്കൊണ്ട് ഓഡിയോ പ്രകാശനം ചെയ്തു

കൊച്ചിയില്‍ വച്ചുനടന്ന ‘കമ്മാര സംഭവം’ ഓഡിയോ റിലീസിന് സിനിമാ മേഖലയിലെ പ്രമുഖരുടെ ഒരു നിരതന്നെ പങ്കെടുത്തു. സംവിധായകന്‍ ലാല്‍ ജോസ് നിവിന്‍ പോളിക്ക് നല്‍കിക്കൊണ്ടായിരുന്നു ഓഡിയോ പ്രകാശനം ചെയ്തത്. നിരവധിയാളുകള്‍ കമ്മാര സംഭവത്തിന് ആശംസകളര്‍പ്പിച്ചു.

ചടങ്ങിനെത്തിയ ലാല്‍ ജോസ് ദിലീപിനെ വാനോളം പുകഴ്ത്തി. അവന്‍ സിനിമ നടനാകാന്‍ വേണ്ടി പ്രാര്‍ത്ഥിച്ച ആദ്യ ആള്‍ താന്‍ ആയിരുന്നുവെന്നും ഒരു സിനിമാ നടനെപ്പോലെ ആകുന്നതിന് മുന്‍പുതന്നെ തന്റെ അസോസിയേറ്റ് ആയിരുന്നു അദ്ദേഹമെന്നും ലാല്‍ ജോസ് ഓര്‍മിച്ചു. രതീഷ് അമ്പാട്ട് എന്നും സഹോദരനെ പോലെയാണ് തനിക്കെന്നും ലാല്‍ജോസ് കൂട്ടിച്ചേര്‍ത്തു.

തന്റെ സിനിമകള്‍ക്കുവേണ്ടി മാത്രമേ താന്‍ ഇത്രയും പ്രാര്‍ത്ഥിച്ചിട്ടുള്ളൂ എന്ന് ചടങ്ങിനെത്തിയ സംവിധായകന്‍ ബ്ലസ്സി പറഞ്ഞു. ശിഷ്യന്‍ മാത്രമല്ല സഹോദനെപ്പോലെയാണ് രതീഷ് അമ്പാട്ട് എന്നും ബ്ലസ്സി പറഞ്ഞു. ദിലീപിന്റെ ജീവിതത്തില്‍ വലിയ സംഭവങ്ങള്‍ക് ശേഷം ഇറങ്ങുന്ന കമ്മാര സംഭവത്തിന് ആശംസകള്‍ നേരുന്നു എന്ന് നാദിര്‍ഷ പറഞ്ഞത് സദസിന് കൗതുകമായി.

കമ്മാര സംഭവം വലിയ സംഭവം ആണെന്നുപറഞ്ഞാണ് നടന്‍ സിദ്ധാര്‍ഥ് സംസാരം ആരംഭിച്ചത്. മുരളി ഗോപി, ഗോകുലം ഗോപാലന്‍ എന്നിവര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. മമ്മൂട്ടി, മോഹന്‍ലാല്‍ ഇവരുടെ ആരാധകനാണ് താന്നെനും ഭരതന്‍ സിനിമകള്‍ തനിക്ക് വളരെ പ്രിയങ്കരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദിയിലേക്ക് അമീര്‍ ഖാന്റെ കൂടെയാണ് കടന്നുചെന്നതെങ്കില്‍ മലയാളത്തില്‍ അത് ദിലീപ് ആയതില്‍ സന്തോഷിക്കുന്നുവെന്നും സിദ്ധാര്‍ഥ് പറഞ്ഞു.

ദൈവത്തിനു സ്തുതി വീണ്ടും കാണാന്‍ സാധിച്ചതിന് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ദിലീപ് പ്രസംഗം തുടങ്ങിയത്. മോശം സമയത്തും കഴിഞ്ഞ 22 വര്‍ഷമായി സിനിമയില്‍ കൂടെയുണ്ടായിരുന്നത് പ്രേക്ഷകരാണ്. ഇത് രണ്ടാം ജന്മത്തിലെ ആദ്യ വേദിയാണിത് എന്നും ദിലീപ് പറഞ്ഞു. രതീഷ് അമ്പാട്ട് എന്ന സംവിധായന്റെ ക്ഷമയാണ് ഈ സിനിമ എന്നും, ഈ സിനിമ സംഭവിച്ചത് സിദ്ധാര്‍ത്ഥിന്റെ നല്ല മനസുകൊണ്ടാണെന്നും ദിലീപ് പറഞ്ഞു.

അഭിനയ ജീവിതത്തില്‍ വ്യത്യസ്ത വേഷം നല്‍കിയ മുരളി ഗോപിക്കും ദിലീപ് നന്ദി പറഞ്ഞു. മുരളിക്ക് എങ്ങനെയാണ് ഇങ്ങനെ എഴുതാന്‍ പറ്റുക എന്ന് പലപ്പോഴും കരുതിയിട്ടുണ്ട്. 3 വേഷങ്ങളില്‍ 5 ഗെറ്റപ്പിലാണ് സിനിമയിലെത്തുന്നത്. ഒരു ഗെറ്റപ്പില്‍ തടികുറക്കുന്നത് ആലോചിക്കുന്ന സമയത്താണ് ഒരു സുനാമിയില്‍പ്പെട്ട് താന്‍ അകത്ത് പോകുന്നത്. തിരിച്ചുവന്നപ്പോഴുണ്ടായിരുന്ന ആ താടിയാണ് സിനിമയില്‍ ഉപയോഗിച്ചത്. ഇക്കാര്യത്തില്‍ മീഡിയയോടും തനിക്ക് നന്ദിയുണ്ടെന്നും ദിലീപ് പറഞ്ഞു.

10 കോടി ചിലവാക്കിയിരുന്നപ്പോഴാണ് താന്‍ അകത്തുപോകുന്നത്. വളരെ വിഷമത്തോടെയിരിക്കുന്ന സമയത്ത് താന്‍ വരുമെന്നും മറ്റും സംവിധായകന് ആവേശം കൊടുത്തതും നിര്‍മ്മാതാവ് ഗോകുലം ഗോപാലനാണ്. തന്നോടുള്ള വിശ്വാസം താനൊരിക്കലും മറക്കില്ല എന്നും ദിലീപ് പറഞ്ഞു. എല്ലാവരോടുമായി കൂടെ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് ദിലീപ് പ്രസംഗം അവസാനിപ്പിച്ചു.

കമ്മാര സംഭവം ഓഡിയോ റിലീസ് ചടങ്ങിന്റെ ചിത്രങ്ങള്‍ താഴെ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top