കാവേരി പ്രശ്‌നം: അഞ്ചിന് തമിഴ്‌നാട്ടില്‍ പ്രതിപക്ഷ ഹര്‍ത്താല്‍

എംകെ സ്റ്റാലിന്‍

ചെന്നൈ: കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഈ മാസം അഞ്ചിന് തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ ഹര്‍ത്താല്‍. ഇന്ന് ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

യോഗത്തില്‍ ഡിഎംകെയ്ക്ക് പുറമെ കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ, മുസ്‌ലിം ലീഗ് എന്നീ പാര്‍ട്ടികള്‍ പങ്കെടുത്തു. ഹര്‍ത്താലില്‍ പങ്കുചേരാന്‍ എഐഡിഎംകെയെയും ക്ഷണിക്കുന്നതായി ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു. ഏപ്രില്‍ പതിനൊന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട് സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്താനും ഡിഎംകെ യോഗത്തില്‍ ധാരണയായി.

കാവേരി വിഷയത്തില്‍ മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിയ്ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രിം കോടതിയെ സമീപിച്ചിരുന്നു. മാനേജ്‌മെന്റ് രൂപീകരണം കേന്ദ്രം മനപ്പൂര്‍വ്വം നീട്ടുകയാണെന്നാണ് ഹര്‍ജിയിലെ ആരോപണം.

അതേസമയം കര്‍ണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കാവേരി കേസ് വിധി നടപ്പാക്കാന്‍ മൂന്ന് മാസത്തെ സാവകാശവും കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരണത്തില്‍ വ്യക്തതയും തേടി സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top