ജീവനക്കാരന്‍ ക്രൂരമായി പെരുമാറിയ രോഗിയെ ആശ്വസിപ്പിച്ച് മന്ത്രി; തുടര്‍ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

മുഖ്യമന്ത്രി വാസുവിനെ സന്ദര്‍ശിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നഴ്‌സിങ് അസിസ്റ്റന്റ് ക്രൂരമായി പെരുമാറിയ രോഗിയുടെ തുടര്‍ന്നുള്ള ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെകെ ശൈലജ. വാസുവിനെ കാണാനും ആശ്വസിപ്പിക്കാനും മന്ത്രി നേരിട്ടെത്തി.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കൊല്ലം ചണ്ണപ്പേട്ടയ്ക്ക് സമീപം ആനക്കുളത്തേയ്ക്കുള്ള വീട്ടില്‍ ആരോഗ്യ മന്ത്രി എത്തിയത്. വാസുവിന്റെ തുടര്‍ ചികിത്സ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ലഭ്യമാക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

തെങ്ങുകയറ്റ തൊഴിലാളിയായ വാസുവിന് തെങ്ങില്‍ നിന്ന് വീണ് പരുക്കേറ്റതിനെ തുടര്‍ന്നുള്ള അര്‍ഹമായ സഹായം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനുള്ള നടപടികള്‍ വേഗത്തില്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് സൂപ്രണ്ട് അടക്കമുള്ളവരും മന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു.

വാസുവിനെ സന്ദര്‍ശിച്ചതിന് ശേഷം മന്ത്രി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്, 

രോഗിയും അഞ്ചല്‍ പുനലൂര്‍ വിളക്കുപാറ ഇളവറാംകുഴി ചരുവിള പുത്തന്‍ വീട് സ്വദേശിയുമായ വാസുവിന്റെ തുടര്‍ചികിത്സ സര്‍ക്കാര്‍ സൗജന്യമായി ചെയ്തുകൊടുക്കും. വാസുവിന്റെ തുടര്‍ ചികിത്സ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ലഭ്യമാക്കുന്നതാണ്. തെങ്ങുകയറ്റ തൊഴിലാളിയായ വാസുവിന് തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്നുള്ള അര്‍ഹമായ സഹായം ലഭ്യമാക്കും.

വളരെ ദരിദ്രാവസ്ഥയിലാണ് വാസുവും കുടുംബവും ജീവിക്കുന്നത്. ഭാര്യയും ഒരു മകനുമാണുള്ളത്. ഒരു മകള്‍ നേരത്തെ മരിച്ചിരുന്നു. ആ മകളുടെ മകന്‍ ഉണ്ണി, തുടര്‍ന്ന് പഠിക്കാന്‍ സാഹചര്യമില്ലാത്തതിനാല്‍ ഒന്‍പതാം ക്ലാസില്‍ പഠനം നിര്‍ത്തി. വാസുവിന്റെ സംരക്ഷണയിലാണ് ഉണ്ണിയുള്ളത്. കുടുംബം പുലര്‍ത്താന്‍ മറ്റ് നിര്‍വാഹമില്ലാതെ തെങ്ങുകയറ്റ തൊഴിലാളിയായ വാസു വാര്‍ദ്ധക്യാവസ്ഥയിലും തെങ്ങുകയറ്റം തുടര്‍ന്നു. തെങ്ങില്‍ നിന്നും വീണ് അപകടം പറ്റിയാണ് മെഡിക്കല്‍ കോളേജില്‍ വാസു ചികിത്സയ്‌ക്കെത്തിയത്. ഉണ്ണിയായിരുന്നു കൂട്ടിനിരുന്നത്. അന്നേരത്താണ് മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് അസിസ്റ്റന്റ് കൈപിടിച്ച് തിരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തതോടെ മകന്റെ വീടായ ആനക്കുളത്തേക്ക് വരികയായിരുന്നു. വാസുവിന്റെ മകനായ ബിനുവിന്റെ ഭാര്യാപിതാവും അസുഖ ബാധിതനാണ്.

ഉണ്ണിയുടെ തുടര്‍ പഠനം സാമൂഹ്യ നീതിവകുപ്പ് ഏറ്റെടുക്കും. അതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഗ്രാമ പഞ്ചായത്തിനെ ചുമതലപ്പെടുത്തി. ബിനുവിന്റെ ഭാര്യാപിതാവിനും ചികിത്സ ലഭ്യമാക്കുന്നതാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top