എണ്‍പതിന്റെ നിറവില്‍ കാനായി; മുഖ്യമന്ത്രി ആദരിക്കും

കാനായി കുഞ്ഞിരാമന്‍

തിരുവനന്തപുരം: ശില്‍പകലയിലെ കേരളീയ മഹത്വം ലോകത്തിന് കാണിച്ച പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമനെ സംസ്ഥാനസര്‍ക്കാര്‍ ആദരിക്കുന്നു. കാനായിയുടെ എണ്‍പതാം പിറന്നാളിനോടും അദ്ദേഹത്തിന്റെ പ്രശസ്ത ശില്‍പമായ യക്ഷിക്ക് അമ്പത് തികയുന്നതിന്റെയും ഭാഗമായി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലും പരിസരത്തുമുള്ള നാല് വേദികളിലായി ഏപ്രില്‍ 2,3,4 തീയതികളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ഏപ്രില്‍ രണ്ടിന് വൈകുന്നേരം നാലിന് നടക്കുന്ന സമ്മേളനം സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കാനായിയുടെ ശില്‍പ കലയിലെയും ജീവിതത്തിലെയും അപൂര്‍വ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി ന്യൂസ് ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദര്‍ ഒരുക്കുന്ന ഫോട്ടോ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിക്കും. വൈകുന്നേരം ആറിന് യക്ഷി ശില്‍പത്തിന്റെ ദാര്‍ശനികതയെക്കുറിച്ച് ചര്‍ച്ച നടത്തും. കാനായി കുഞ്ഞിരാമനും മുല്ലക്കര രത്‌നാകരന്‍ എംഎല്‍എയുമടക്കമുള്ളവര്‍ പങ്കെടുക്കും. രാത്രി എട്ടിന് സാഗരകന്യക എന്ന നൃത്ത ശില്‍പം ഉണ്ടായിരിക്കും. ജയപ്രഭ മേനോനാണ് അവതരിപ്പിക്കുന്നത്. പ്രമോദ് പയ്യന്നൂരാണ് സംവിധാനം.

ഏപ്രില്‍ മൂന്നിന് വൈകിട്ട് നാലിന് ‘കാനായിക്ക് എണ്‍പത് വയസ്സ്ശില്‍പകലയുടെ ചരിത്രവപം ഭാവിയും’ എന്ന സെമിനാര്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് ‘ശില്‍പ സംഗീതിക’ എന്ന ഗാനസന്ധ്യ നടക്കും. ഏപ്രില്‍ നാലിന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും കാനായിക്ക് ആദരവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മുല്ലക്കര രത്‌നകാരന്‍ എംഎല്‍എ അധ്യക്ഷനാകും. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം അനുഗ്രഹ പ്രഭാഷണം നടത്തും. എംപിമാരായ ശശി തരൂര്‍, ഡോക്ടര്‍ എ സമ്പത്ത്, കെ മുരളീധരന്‍ എംഎല്‍എ, കെടിഡിസി ചെയര്‍മാര്‍ എം വിജയകുമാര്‍ എന്നിവര്‍ പങ്കെടുക്കും. കാനായി കുഞ്ഞിരാമന്‍ മറുപടി പ്രസംഗം നടത്തും. വൈകുന്നേരം 6.30ന് യക്ഷി നൃത്ത ശില്‍പം ഉണ്ടായിരിക്കും. ഡോക്ടര്‍ രാജശ്രീ വാര്യരാണ്  അവതരിപ്പിക്കുന്നത്. പ്രമോദ് പയ്യന്നൂരാണ് സംവിധാനം. സാംസ്‌കാരിക വകുപ്പും ടൂറിസം വകുപ്പിന്റെയും നേതൃത്വത്തില്‍ ഭാരത് ഭവനും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top