ഒടിയന്‍ അതിരപ്പിള്ളിയില്‍, ഇനി മാണിക്യന്റെയും പ്രഭയുടെയും പ്രണയം

മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ ചിത്രികരണം  അതിരപ്പിള്ളിയില്‍ പുരോഗമിക്കുന്നു. മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ എന്നിവര്‍ ചേര്‍ന്നുള്ള ഒരു ഗാന രംഗമാണ് അതിരപ്പിള്ളിയില്‍ ചിത്രികരിക്കുന്നത്. ചിത്രത്തിലെ വളരെ പ്രാധാന്യം നിറഞ്ഞ രംഗങ്ങള്‍ ഉള്‍കൊള്ളിച്ചുള്ള ഗാനരംഗമാണിത്. മുഖത്ത് ഛായം പൂശി ഇതുവരെ കാണാത്ത ലുക്കിലാണ് മോഹന്‍ലാല്‍  ഗാനത്തില്‍ പ്രത്യക്ഷപെടുന്നത്.

കല സംവിധായകന്‍ പ്രശാന്ത്‌ മാധവാണ് ഗാനത്തിനായി അതിരപ്പിള്ളിയില്‍ സെറ്റ് ഒരുക്കിയിരിക്കുന്നത്. വെള്ളച്ചാട്ടത്തിനു താഴെയായി ക്ഷേത്രസമാനമായ രിതിയിലുള്ള സെറ്റാണ്  ഒരുക്കിയിരിക്കുന്നത്.  ഗാനരംഗത്തിന്റെ ചിത്രങ്ങള്‍ വ്യാപകമായ രീതിയില്‍ പ്രചരിയ്ക്കാതിരിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ക്ക് സെറ്റില്‍  കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാര്‍ച്ച് ആദ്യം തന്നെ ഒടിയന്റെ അവസാനഘട്ട ചിത്രികരണം കോങ്ങാട് ആരംഭിച്ചിരുന്നു. പീറ്റര്‍ ഹെയിനാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ഗ്രാഫിക്സിനും, എഡിറ്റിംഗിനും, സൗണ്ടിനും ഏറെ പ്രാധാന്യം നിറഞ്ഞ ഒടിയന്റെ ചിത്രികരണം ഏപ്രില്‍ 20 ഓടെ പൂര്‍ത്തിയാക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.ലാലിന്റെ വേഷപകര്‍ച്ച കൊണ്ട് ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ട  ഒടിയന്‍ അടുത്ത ഓണത്തിന് തിയേറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top