ഐപിഎല്‍ ടീം നായകസ്ഥാനം വാര്‍ണര്‍ക്കും നഷ്ടമാകും; ഹൈദരാബാദ് ടീമിനെ ധവാന്‍ നയിക്കും

ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്

മുംബൈ: പന്തില്‍ കൃത്രിമം കാട്ടിയ സംഭവവുമായി ബന്ധപ്പെട്ട് ഓസീസ് താരം സ്റ്റീവ് സ്മിത്തിന് ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സ് ടീം നായകസ്ഥാനം നഷ്ടമായതിന് പിന്നാലെ ഓസീസ് ടീമിലെ സഹതാരമായ ഡേവിഡ് വാര്‍ണറെ ഹൈദരാബാദ് സണ്‍റൈസേഴ്‌സ് ടീം നായകസ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനം. പകരം ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ സണ്‍റൈസേഴ്‌സ് നായകനായി നിയമിക്കുമെന്നാണ് ഹൈദരാബാദ് ടീം അധികൃതര്‍ വ്യക്തമാക്കുന്നത്.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡായ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനത്തിന് കാത്തിരിക്കുകയാണെന്ന് ഹൈദരാബാദ് ടീം മെന്‍ഡര്‍ വിവിഎസ് ലക്ഷ്മണ്‍ അറിയിച്ചു.  കഴിഞ്ഞ സീസണിൽ വാർണറുടെ നായകത്വത്തിൽ സണ്‍റൈസേഴ്സ് പ്ലേ ഓഫിൽ എത്തിയിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരേ കേപ്ടൗണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ പന്തില്‍ കൃത്രിമത്വം കാണിച്ച സംഭവത്തില്‍ ഓസീസ് നായകന്‍ സ്മിത്തിനൊപ്പം ഉപനായകന്‍ കൂടിയായ ഡേവിഡ് വാര്‍ണറും പ്രതിക്കൂട്ടിലായിരുന്നു. ഉപനായകസ്ഥാനത്ത് നിന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡായ ക്രിക്കറ്റ് ഓസ്‌ട്രേലിയ വാര്‍ണറെയും മാറ്റിയിരുന്നു. ഓസീസ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായതിന് പിന്നാലെ സ്മിത്തിനെയും വാര്‍ണറേയും ആജീവനാനന്തം കളിയില്‍ നിന്ന് വിലക്കിയേക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവര്‍ക്കും ഐപിഎല്ലിലെ നായകസ്ഥാനങ്ങളും നഷ്ടമാകുന്നത്.

കേപ് ടൗണ്‍ ടെസ്റ്റിന്റെ മൂന്നാം ദിനം ഓസീസ് ഓപ്പണര്‍ കൂടിയായ ബെന്‍ ക്രോഫ്റ്റാണ് പന്തില്‍ കൃത്രിമം നടത്തിയത്. ആതിഥേയര്‍ ശക്തമായ നിലയിലേക്ക് നീങ്ങവെയാണ് മത്സരം കൈവിടാതിരിക്കാന്‍ ഓസീസ് താരങ്ങള്‍ പന്തില്‍ കൃത്രിമം നടത്തിയത്. മുന്‍കൂട്ടി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കൃത്രിമം കാട്ടിയതെന്ന് സ്മിത്ത് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിന്റെ 43ാം ഓവറിലാണ് സംഭവം നടന്നത്. മഞ്ഞ നിറമുള്ള ഒരു വസ്തു ഉപയോഗിച്ച് പന്ത് മിനുസപ്പെടുത്തുന്നത് വീഡിയോകളില്‍ നിന്ന് വ്യക്തമാണ്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അമ്പയര്‍മാരായ നൈജല്‍ ലോങും റിച്ചാര്‍ഡ് ഇല്ലിംഗ്‌വര്‍ത്തും ബെന്‍ക്രോഫ്റ്റുമായി സംസാരിച്ചു. എന്നാല്‍ യഥാര്‍ത്ഥ വസ്തുവിന് പകരം സണ്‍ഗ്ലാസ് ഇടുന്ന മൃദുലമായ പൗച്ചാണ് ക്രോഫ്റ്റ് അമ്പയര്‍മാരെ കാണിച്ചത്. പക്ഷെ വിവാദം കൊഴുത്തതോടെ സ്മിത്ത് സത്യം വെളിപ്പെടുത്തി രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് നായകനും ഉപനായകനും സ്ഥാനമൊഴിയേണ്ടിവന്നത്.  പന്ത് ചുരണ്ടല്‍ സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ച അന്വേഷണം പുരോഗമിക്കുകയാണ്.

വിവാദം ഓസ്‌ട്രേലിയയ്ക്ക് ലോകത്തിന് മുന്നില്‍ നാണക്കേടുണ്ടാക്കിയെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ അഭിപ്രായപ്പെട്ടിരുന്നു. സംഭവം രാജ്യത്തിന് അപമാനവും നിരാശയും ഉണ്ടാക്കിയെന്ന് ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് കമ്മീഷണറും അഭിപ്രായപ്പെട്ടിരുന്നു. മത്സരത്തിനിടെ പന്തില്‍ കൃത്രിമം നടത്തിയെന്ന് ക്യാപ്റ്റന്‍ സ്മിത്ത് തന്നെ വാര്‍ത്താസമ്മേളനം വിളിച്ച് വെളിപ്പെടുത്തുകയായിരുന്നു. ഗ്രൗണ്ടില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്താവുകയും വന്‍വിവാദത്തിന് വഴിവെക്കുകയും ചെയ്തതോടെയാണ് സ്മിത്ത് സത്യം തുറന്ന് പറയാന്‍ നിര്‍ബന്ധിതനായത്.

അതേസമയം, പന്തില്‍ കൃത്രിമത്വം നടത്തിയതിന് സ്മിത്തിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഒരു ടെസ്റ്റില്‍ വിലക്കേര്‍പ്പെടുത്തി. സ്മിത്തിന് മാച്ച് ഫീയുടെ നൂറ് ശതമാനവും ചുരണ്ടല്‍ നടത്തിയ ബെന്‍ക്രോഫ്റ്റിന് 75 ശതമാനവും പിഴയും ശിക്ഷിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top