പത്തനംതിട്ടയില്‍ ആദിവാസി യുവാവ് ഒന്നര വയസുള്ള മകനെ നിലത്തടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചു

വിനോദ്

പത്തനംതിട്ട: പത്തനംതിട്ട മൂഴിയാറില്‍ ആദിവാസി യുവാവ് ഒന്നര വയസുള്ള മകനെ നിലത്തടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ മൂഴിയാര്‍ ട്രൈബല്‍ കോളനിയിലെ താമസക്കാരനായ വിനോദിനെ മൂഴിയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ വിഷം കഴിച്ചതായി സംശയിക്കുന്നതിനാല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളെജിലും പ്രവേശിപ്പിച്ചു.

ശനിയാഴ്ച്ച വൈകുന്നേരം ഏഴു മണിയോടെ മൂഴിയാറിലെത്തിയ ആരോഗ്യ വകുപ്പിന്റെ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് വാഹനത്തിന്റെ ഡ്രൈവറാണ് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചത്. വിനോദ് ഭാര്യ സുധയുമായുള്ള വഴക്കിനിടെ ഒന്നര വയസുകാരനായ കുട്ടിയെ ബലമായി പിടിച്ചു വാങ്ങി റോഡിലെറിയുകയായിരുന്നു. സംഭവം കണ്ട് സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പിന്റെ വാഹനത്തിലെ ഡ്രൈവര്‍ കുട്ടിയെ എടുത്ത് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആദിവാസി പ്രമോട്ടറായ ഗിരീഷിനെ ഏല്‍പ്പിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തലയോട്ടിക്ക് പൊട്ടല്‍ ഉള്ളതായി മനസിലാക്കിയതിനെ തുടര്‍ന്ന് പുലര്‍ച്ചെ 2.30 ഓടെ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളെജിലെക്ക് കൊണ്ടു പോയതായി ട്രൈബല്‍ പ്രമോട്ടറായ അനിത പറഞ്ഞു.

ഭയന്നു പോയ വിനോദിന്റെ ഭാര്യ സുധ വനത്തില്‍ കയറി ഒളിച്ചു. ഇവരെ ഇന്ന് പുലര്‍ച്ചെയാണ് കണ്ടെത്തിയത്. വിനോദ് സുധ ദമ്പതികളുടെ രണ്ട് വയസുള്ള ഇരട്ടക്കുട്ടികള്‍ മരിച്ചിരുന്നു. അതും ഇയാളുടെ മര്‍ദ്ദനം കാരണമാണെന്ന് സംശയിക്കുന്നു. ഈ കുട്ടികളും വിനോദിന്റെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ് പല തവണ ഇവിടെ ചികിത്സ തേടിയതായി പ്രമോട്ടറായ അനിത പറഞ്ഞു. ഇവരുടെ മരണവിവരം പുറം ലോകത്തെ അറിയിക്കാതെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top