കാര്‍ അപകടത്തില്‍ മുഹമ്മദ് ഷമിക്ക് പരുക്കേറ്റെന്ന വാര്‍ത്ത തെറ്റെന്ന് പൊലീസ്

മുഹമ്മദ് ഷമി

ദില്ലി: ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് കാര്‍ അപകടത്തില്‍ പരുക്കേറ്റുവെന്ന് പരക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് പൊലീസ് വ്യക്തമാക്കി. ഷമിയുടെ കാര്‍ അപകടത്തില്‍പ്പെട്ടിട്ടില്ലന്നും ഷമിക്ക് പരുക്കേറ്റിട്ടില്ലെന്നും ഡെറാഡൂണ്‍ പൊലീസ് അറിയിച്ചു. ഡെറാഡൂണില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രക്കിടെ ഷമിയുടെ കാര്‍ അപകടത്തില്‍പ്പെട്ടെന്നും അദ്ദേഹം പരുക്കേറ്റ് ആശുപത്രിയിലാണന്നുമായിരുന്നു വാര്‍ത്തകള്‍ വന്നത്.

ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് പൊലീസ് ചൂണ്ടിക്കാാട്ടി. ഷമിയും സംഘവും ദില്ലിയിലേക്ക് പുറപ്പെട്ട വാഹനങ്ങളിലൊന്ന് അപകടത്തില്‍പ്പെട്ടെന്നത് ശരിയാണ്. എന്നാല്‍ അപകടത്തില്‍പ്പെട്ട വാഹനത്തില്‍ ക്രിക്കറ്റ് താരമുണ്ടായിരുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. അപകടത്തില്‍ താരത്തിന്റെ തലയ്ക്ക് പരുക്കേറ്റുവെന്നായിരുന്നു വാര്‍ത്തകള്‍.

ഭാര്യ ഹസിന്‍ ജഹാന്‍ ഉയര്‍ത്തിയ പീഡന ആരോപണങ്ങളെയും കോഴ ആരോപണങ്ങളെയും തുടര്‍ന്ന് ഷമി വിവാദത്തില്‍പ്പെട്ടിരുന്നു. മറ്റ് സ്ത്രീകളുമായി വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ എന്നിവ വഴി നടത്തിയ സംഭാഷണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഹസിന്‍, ഷമിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

ഇതേതുടര്‍ന്ന് ഷമിയെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രതിഫലം നല്‍കുന്ന താരങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ആരോപണങ്ങളില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഷമി ഒളിവില്‍ പോകുകയും ചെയ്തിരുന്നു.

എന്നാല്‍ ഭാര്യ ഉയര്‍ത്തിയ കോഴ ആരോപണങ്ങള്‍ ബിസിസിഐ നിയമിച്ച അഴിമതി വിരുദ്ധസെല്‍ അന്വേഷിക്കുകയും ആരോപണങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഷമിയെ മൂന്ന് കോടി വരുമാനം ലഭിക്കുന്ന ബി ലെവല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഇതോടെ ഐപിഎല്ലിലും താരത്തിന് കളിക്കാനാകും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top